പൊരിച്ച പത്തിരി, കറികൂട്ടി കഴിക്കാം
Mail This Article
ചായയ്ക്കൊപ്പം കഴിക്കാനും കറി കൂട്ടി കഴിക്കാനും പറ്റിയ ഒരു സൂപ്പർ വിഭവമാണ് പൊരിച്ച പത്തിരി. വളരെ പെട്ടെന്ന് തയാറാക്കി എടുക്കാൻ കഴിയും.
ചേരുവകൾ
- അരിപ്പൊടി - ഒരു കപ്പ്
- വെള്ളം - ഒന്നര കപ്പ്
- നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - കാൽ കപ്പ്
- ചുവന്നുള്ളി - അഞ്ച്
- പെരുഞ്ചീരകം - ഒരു ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- എള്ള് - ഒരു ടീസ്പൂൺ
- മൈദ - കാൽ കപ്പ്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ വെള്ളവും ഒരു സ്പൂൺ നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
വെട്ടിത്തിളയ്ക്കുമ്പോൾ തീ കുറച്ച ശേഷം നേർമയായി പൊടിച്ച അരിപ്പൊടി ഇട്ട് എളുപ്പത്തിൽ ഇളക്കിയെടുക്കുക.
തീ ഓഫ് ചെയ്ത ശേഷം അടച്ചുവച്ച് ചൂടാറാനായി 10 മിനിറ്റ് മാറ്റി വയ്ക്കാം.
തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കുക.
തയാറാക്കിയ മാവിലേക്ക് മൈദ, തേങ്ങ ചതച്ചത്, എള്ള്, കറിവേപ്പില ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ നെയ്യ് ഇവ കൂടി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
തയാറാക്കിയ മാവ് അര സെൻറീമീറ്റർ കനത്തിൽ പരത്തി ഒരു ഗ്ലാസോ പാത്രമോ വച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം തീ അല്പം കുറച്ച് തയാറാക്കിയ പത്തിരി ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
English Summary : Poricha pathiri which is unique to the Malabar cuisine can be eaten for breakfast or enjoyed as a snack with your evening tea.