ADVERTISEMENT

ക്രിസ്മസ് വിരുന്നൊരുക്കാൻ താറാവിറച്ചി രണ്ട് വ്യത്യസ്ത രുചികളിൽ. സ്വാദൂറും കുട്ടനാടൻ താറാവ്  കറിയും  റോസ്റ്റും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കി എടുക്കാൻ കഴിയും. അപ്പം, പുട്ട്, ഇടിയപ്പം, ചോറ്, ചപ്പാത്തി, പൂരി, പൊറോട്ട ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം.

 

താറാവ് കറിക്കും താറാവ് റോസ്റ്റിനും താറാവ് ഒന്നിച്ച് പ്രഷർകുക്കറിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.

 

താറാവ് വേവിക്കാൻ ആവശ്യമുള്ള ചേരുവകൾ

  • താറാവ് തൊലിയോടു കൂടി - രണ്ടു കിലോഗ്രാം
  • പെരും ജീരകം  - ഒരു ടേബിൾ സ്പൂൺ
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • ഏലക്ക - 2
  • ഗ്രാമ്പൂ - 4
  • കുരുമുളക് - ഒന്നര ടേബിൾസ്പൂൺ
  • ഇഞ്ചി - 2 വലിയ കഷ്ണം
  • വെളുത്തുള്ളി - ഒരു കുടം
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - ഒന്നരക്കപ്പ്
  • പച്ചമുളക് - 10
  • സവാള നീളത്തിൽ അരിഞ്ഞത് - 3
  • തക്കാളി - ഒന്ന്
  • കറിവേപ്പില - ആവശ്യത്തിന്
  • വിനാഗിരി - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • രണ്ടാം തേങ്ങാപ്പാൽ - ഒരു കപ്പ്

 

തയാറാക്കുന്ന വിധം

  • താറാവ് കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി വയ്ക്കുക. താറാവിന്റെ തൊലി മാറ്റേണ്ട ആവശ്യമില്ല.
  • രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ നന്നായി ചതച്ചെടുക്കുക. 
  • താറാവ് കഷ്ണങ്ങളും ചതച്ച മസാലയും ബാക്കിയുള്ള ചേരുവകളും കൂടി ഒരു പ്രഷർ കുക്കറിൽ ഇട്ടു നന്നായി യോജിപ്പിച്ച് 4 വിസിൽ വരുന്നതുവരെ വേവിക്കുക. നാടൻ താറാവ് ആണെങ്കിൽ വേവാൻ കൂടുതൽ സമയമെടുക്കും.
  • നന്നായി വെന്തതിനു ശേഷം മുകളിൽ തെളിഞ്ഞു വരുന്ന എണ്ണ ഊറ്റിക്കളയുക. 

 

റോസ്റ്റ് തയാറാക്കുന്ന വിധം

ചേരുവകൾ

  • കുക്കറിൽ വേവിച്ച താറാവിറച്ചിയുടെ പകുതി 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • സവാള - 2
  • തേങ്ങാക്കൊത്ത് - അര കപ്പ്
  • കറിവേപ്പില - ആവശ്യത്തിന് 
  • കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. മുളകുപൊടി കൂടി ചേർത്ത് പച്ചമണം മാറുമ്പോൾ  താറാവിറച്ചി ഗ്രേവിയോടുകൂടി ചേർക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കുക.

എല്ലാംകൂടി യോജിച്ച് ഡ്രൈ ആവുന്നത് വരെ ചെറിയ തീയിൽ വഴറ്റിയെടുക്കുക.

കറി തയാറാക്കുന്ന വിധം

ചേരുവകൾ

  • വെന്ത താറാവിറച്ചി 
  • വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
  • കടുക്- ഒരു ടീസ്പൂൺ
  • ചുവന്നുള്ളി - 3 അല്ലി
  • വെളുത്തുള്ളി - 3 അല്ലി
  • വറ്റൽ മുളക് - 3
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • കുരുമുളക് ചതച്ചത് - ഒരു ടേബിൾസ്പൂൺ
  • ഒന്നാം തേങ്ങാപ്പാൽ- മുക്കാൽ കപ്പ്

 

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും വെളുത്തുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ വെന്ത താറാവിറച്ചി, ആവശ്യത്തിന് ഉപ്പ്, കുരുമുളക് ചതച്ചത് എന്നിവ ചേർക്കുക. നന്നായി യോജിച്ച് ചാറു കുറുകി തുടങ്ങുമ്പോൾ  ഒന്നാം തേങ്ങാപ്പാൽ ചേർക്കുക. ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.

 

English Summary : Kuttanadan Duck Curry  and Roast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com