ADVERTISEMENT

ക്രിസ്മസ് വിരുന്നുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പ്ലം കേക്ക്.  അതേ രുചിയിൽ ആവിയിൽ വേവിച്ച പ്ലം പുഡ്ഡിങ് തയാറാക്കാം. ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്മസ് വിരുന്നുകളിൽ വിളമ്പുന്ന വിഭവമാണ് പ്ലം പുഡ്ഡിങ്. ഐസ്ക്രീം ചേർത്ത് കഴിച്ചാൽ സൂപ്പർ രുചിയാണ്.

ചേരുവകൾ

  • മൈദ - അരക്കപ്പ്
  • ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
  • ഏലക്ക - 2
  • ഗ്രാമ്പു - 2
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • ജാതിക്ക - ഒന്നിന്റെ പകുതി
  • ബേക്കിങ് പൗഡർ - അര ടീസ്പൂൺ
  • പഞ്ചസാര - അരക്കപ്പ് + കാൽ കപ്പ്
  • ഓറഞ്ച് ജ്യൂസ് - അര കപ്പ്
  • ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് - ഒരു ടീസ്പൂൺ
  • മുട്ട - രണ്ട്
  • തണുത്ത ബട്ടർ - 125 ഗ്രാം
  • ഉണക്കമുന്തിരി - അരക്കപ്പ്
  • ഈന്തപ്പഴം - അര കപ്പ്
  • ടൂട്ടി ഫ്രൂട്ടി - അരക്കപ്പ്
  • ചെറി - കാൽ കപ്പ്
  • ഇഞ്ചി വിളയിച്ചത് - ഒരു ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ്, ബദാം - അരക്കപ്പ്

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് പഞ്ചസാര ഉരുക്കി എടുക്കുക. പഞ്ചസാര ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര വെള്ളത്തിലേക്ക് അലിഞ്ഞു ചേർന്നു കഴിയുമ്പോൾ  ഓറഞ്ച് ജ്യൂസ് ചേർത്ത് തിളപ്പിക്കുക.
  • ഉണക്കമുന്തിരി, ഈന്തപ്പഴം, ചെറി, ടൂട്ടി ഫ്രൂട്ടി ഇവ ഇതിലേക്ക് ചേർത്ത് കൊടുക്കുക.(ഉണങ്ങിയ പഴങ്ങൾ ഏതു വേണമെങ്കിലും ചേർത്തുകൊടുക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി പഞ്ചസാരയിൽ വിളയിച്ച് അതും ചേർത്തുകൊടുക്കാം)
  • പഴങ്ങൾ വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചെറുതായി അരിഞ്ഞ നട്സ് കൂടി ചേർത്ത് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കാം.
  • മൈദയിലേക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, ജാതിക്ക ഇവ ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
  • ഇതിലേക്ക് ബേക്കിങ് പൗഡർ,  ബ്രഡ് പൊടിച്ചത് , കാൽ കപ്പ് പഞ്ചസാര, ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് ഇവ ചേർത്ത് യോജിപ്പിക്കുക.
  • 10 മിനിറ്റ് ഫ്രീസറിൽ വച്ച് തണുപ്പിച്ച ബട്ടർ ഗ്രേറ്റ് ചെയ്തെടുത്തത് ഈ മാവിലേക്ക് ചേർത്ത് പുട്ടുപൊടി നനയ്ക്കുന്നതു പോലെ പോലെ തിരുമ്മി യോജിപ്പിക്കുക.
  • രണ്ട് മുട്ട കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
  • തയാറാക്കി വച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട്സ് ഇതിലേക്ക് ചേർത്ത് യോജിപ്പിക്കാം.
  • പുഡ്ഡിങ് തയാറാക്കാനുള്ള പാത്രത്തിൽ അൽപം ബട്ടർ തടവി 5 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. തയാറാക്കിയ പുഡ്ഡിങ് മിശ്രിതം പാത്രത്തിന്റെ മുക്കാൽ ഭാഗം വരെ നിറച്ച്  മുകളിൽ ഒരു ബട്ടർ പേപ്പർ കൊണ്ട് അമർത്തി വയ്ക്കുക.
  • ഏറ്റവും മുകളിൽ ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് നന്നായി അടച്ചതിനുശേഷം ആവിയിൽ വേവിക്കുക.
  • പ്രഷർ കുക്കറിൽ  ഒരു തട്ട് വച്ചശേഷം കാൽ ഭാഗം വെള്ളം നിറയ്ക്കുക. മുകളിലായി പുഡ്ഡിങ് പാത്രം വയ്ക്കുക. വിസിൽ മാറ്റിയശേഷം കുക്കർ അടയ്ക്കുക. കുക്കറിൽ നിന്ന് നന്നായി ആവി വരുമ്പോൾ  തീ കുറയ്ക്കുക. ഒന്നര മണിക്കൂർ ചെറിയ തീയിൽ വേവിച്ചെടുക്കാം.
  • നന്നായി തണുത്തതിനുശേഷം കുക്കർ തുറക്കുമ്പോൾ പുഡ്ഡിങ് തയാറായിരിക്കും

English Summary : Christmas Pudding Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com