എത്ര കഴിച്ചാലും മടുക്കാത്ത കട്‌ലറ്റ് രുചി, വിരുന്നുകളിൽ കേമം
Mail This Article
എണ്ണയിൽ മൂപ്പിച്ചുകോരി പുറമേ മൊരുമൊരാന്ന് ഇരിക്കുന്ന, പിടിച്ചാൽ കിട്ടാത്ത രുചിയുള്ള കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഒട്ടും പൊടിയാതെ എണ്ണ കുടിക്കാതെ പെർഫക്ടായി എങ്ങനെ കട്‌ലറ്റ് തയാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
- ബീഫ് വേവിച്ചത് - 500 ഗ്രാം
- ഉരുളക്കിഴങ്ങ് - 2 എണ്ണം
- സവാള - 1 എണ്ണം
- പച്ചമുളക് - 3-4 എണ്ണം
- ഇഞ്ചി - 2 കഷ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- ഉപ്പ്
- എണ്ണ
കട്‌ലറ്റ് കോട്ടിങ്ങ് ചെയ്തെടുക്കാന്‍
- മുട്ട - 1
- ബ്രഡ് ക്രംബ്‌സ് - കുറച്ച്
തയാറാക്കുന്ന വിധം :
• ഇറച്ചി കുറച്ച് ഉപ്പും 1/2 ടീസ്പൂൺ കുരുമുളക് പൊടിയും ഒരു കഷ്ണം ഇഞ്ചി ചതച്ചതും ചേർത്ത് വേവിച്ചെടുക്കണം. തണുത്തു കഴിയുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക.
• ഉരുളക്കിഴങ്ങ് വേവിച്ച് ഒട്ടും കട്ടയില്ലാതെ പൊടിച്ചെടുക്കണം.
• സവാളയും പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും എണ്ണയിൽ നന്നായി വഴറ്റി എടുക്കണം. ശേഷം ഇതിലേക്ക് മിന്‍സ് ചെയ്ത ഇറച്ചി ചേര്‍ത്ത് മൊരിയിച്ചെടുക്കുക. ഗരം മസാലപ്പൊടിയും കുരുമുളകുപൊടിയും (എരിവ് കൂടുതൽ വേണമെങ്കിൽ കുറച്ച് കൂടി കുരുമുളകുപൊടി ചേർക്കാം) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി സ്റ്റൗ ഓഫ് ചെയ്യാം.
• ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചെടുത്തത് ചേര്‍ത്ത് കൈകൊണ്ടു നന്നായി യോജിപ്പിച്ച് എടുക്കണം. ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുട്ട അടിച്ചെടുത്തതിൽ മുക്കി ബ്രഡ് പൊടിയിൽ റോൾ ചെയ്ത് എടുക്കാം.
• ഇനി ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറത്തു കോരാം. രുചികരമായ കട്‌ലറ്റ് റെഡി!
English Summary : Kerala Style meat Cutlet.