സോഫ്റ്റ് ലഡ്ഡു അന്വേഷിച്ച് കടകൾ കയറിയിറങ്ങണ്ട, വീട്ടിലുണ്ടാക്കാം നാവിലലിയും ലഡ്ഡു
Mail This Article
സന്തോഷവാർത്തകൾ പങ്കുവയ്ക്കുമ്പോൾ ഒപ്പം മധുരം കൊടുക്കുന്ന പതിവ് എല്ലായിടത്തുമുണ്ട്. കുഞ്ഞു ജനിച്ചാൽ, പ്രമോഷൻ കിട്ടിയാൽ ഒക്കെ മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് പലരും സന്തോഷം പ്രകടിപ്പിക്കുന്നത്. എന്നാൽ പതുപതുത്ത പലഹാരങ്ങൾക്കു പകരം കടിച്ചാൽ പൊട്ടാത്ത ലഡ്ഡുവായിരിക്കും മിക്കപ്പോഴും കിട്ടുക എന്ന പരാതി മിക്കവർക്കുമുണ്ട്. ഇനി അങ്ങനെയൊരു പരാതി വേണ്ട. നാവിൽ വച്ചാൽ അലിഞ്ഞു പോവുന്ന രുചിയിൽ ലഡ്ഡു തയാറാക്കാം. എന്നാൽ വൈകണ്ട, ഇന്നു തന്നെ ഉണ്ടാക്കിനോക്കിയാലോ കൊതിയൂറും രുചിയിലൊരു ലഡ്ഡു.
ചേരുവകൾ
കടലപരിപ്പ് - 1 കപ്പ്
പഞ്ചസാര - 1 കപ്പ്
നെയ്യ് - 4 ടീസ്പൂൺ
ഏലക്കാപൊടി - 2 നുള്ള്
ഉപ്പ് - ഒരു നുള്ള്
അണ്ടിപ്പരിപ്പ് - 5-6 എണ്ണം
ഉണക്കമുന്തിരി - ചെറിയ കൈപിടി
തയാറാക്കുന്നവിധം
ആദ്യം തന്നെ കടലപരിപ്പ് കഴുകിയതിന് ശേഷം ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ശേഷം വെള്ളം കളഞ്ഞതിന് ശേഷം ഒരു മിക്സി ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കണം. ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് അരച്ചുവച്ചത് ചേർത്ത് ഒരു അഞ്ചു മിനിറ്റ് ചെറിയ തീയിൽ ഇളക്കിയെടുക്കാം. ഇതിന്റെ വെള്ളമൊക്കെ ഒന്ന് വറ്റിയതിനുശേഷം കുറച്ച് സമയം കൂടി ഒന്ന് വറുത്തെടുക്കണം. ഒരു 20 മിനിറ്റ് സമയം എടുക്കും ഇതൊന്ന് വറുത്തെടുക്കാൻ. ഇതിന്റെ ചൂട് മാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഒന്ന് തരുതരുപ്പായി പൊടിച്ചെടുക്കാം,ശേഷം ഒരു പാനിൽ പഞ്ചസാര ചേർത്ത് കൊടുക്കാം ഇതിൽ അൽപം വെള്ളവും ചേർത്ത് ഒരുനൂൽ പരുവമാകുന്നത് വരെ ചെറിയ തീയിൽ ഇളക്കിയെടുക്കാം. നൂൽ പരുവമായാൽ ഇതിൽ നേരെത്തെ പൊടിച്ചു വച്ച കടലമിശ്രിതം ചേർത്ത് കൊടുക്കാം, നന്നായി ഒന്ന് ഇളകിയോജിപ്പിച്ചതിന് ശേഷം വറുത്തുവച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഇളക്കിയെടുക്കാം. ചെറിയ ചൂടിൽ ഇതൊന്ന് ഉരുട്ടിയെടുക്കാം. നല്ല രുചിയുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന ലഡ്ഡു തയാർ.
Content Summary : Easy laddu Recipe