പാൽ ചേർത്ത് എളുപ്പത്തിൽ പഞ്ഞി പോലുള്ള വട്ടയപ്പം
Mail This Article
അരി അരയ്ക്കണ്ട, തേങ്ങ വേണ്ട, ചോറ് വേണ്ട, അവൽ വേണ്ട, എളുപ്പത്തിൽ പഞ്ഞി പോലൊരു വട്ടയപ്പം
അരിപ്പൊടിയും പശുവിൻപാലും ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ തന്നെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം ഉണ്ടാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ:
- വറുത്ത അരിപ്പൊടി - 6 ടേബിൾസ്പൂൺ + 3 കപ്പ്
- വെള്ളം - 1½ കപ്പ് + ½ കപ്പ്
- പശുവിൻ പാൽ - 1½ കപ്പ്
- ഏലയ്ക്ക - 4 എണ്ണം
- ഉപ്പ് - ¼ ടീസ്പൂൺ
- യീസ്റ്റ് - 1 ടീസ്പൂൺ
- തേങ്ങാവെള്ളം - 1 കപ്പ്
- പഞ്ചസാര - 1 ടീസ്പൂൺ + 1½ കപ്പ്
തയാറാക്കുന്ന വിധം:
തേങ്ങ വെള്ളത്തിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
മാവിലേക്ക് വേണ്ട തരി കുറുക്കി എടുക്കാൻ ഒരു ഫ്രൈയിങ് പാനിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് 6 ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കുക. ഇനി ഇത് ചെറിയ തീയിൽ കട്ടിയാകുന്നതുവരെ ഇളക്കി കൊടുക്കാം. ഇത് ചൂടാറാൻ മാറ്റിവയ്ക്കാം
മിക്സിയുടെ ഒരു ജാർ എടുത്ത് മൂന്ന് കപ്പ് അരിപ്പൊടി ചേർക്കുക, ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര, ഒന്നര കപ്പ് പശുവിൻ പാൽ, 4 ഏലയ്ക്ക എന്നിവ ചേർക്കുക. ഇനി ചൂടാറിയ തരി കുറുക്കു കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം.
ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം, ഇതിലേക്ക് യീസ്റ്റ് മിക്സ് ചേർത്ത് നന്നായി ഇളക്കുക, ഇനി അര കപ്പ് വെള്ളം കൂടി ഒഴിച്ച് വട്ടയപ്പം മാവിന്റെ പാകത്തിന് കലക്കി എടുക്കാം.
അടച്ചുവെച്ച് മാവ് പൊങ്ങാൻ 3 മണിക്കൂർ മാറ്റിവയ്ക്കാം.
മാവ് പൊങ്ങി വന്നാൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് പതുക്കെ ഇളക്കിയെടുത്ത ശേഷം വട്ടയപ്പം ഉണ്ടാക്കി തുടങ്ങാം.
വട്ടയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവിയ ശേഷം മാവ് കോരി ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
English Summary : Easy Soft Vattayappam Recipe Without Coconut.