ADVERTISEMENT

കേരളത്തിലെ ക്രിസ്ത്യാനികള്‍ ഓശാന ഞായറാഴ്ച്ച പ്രാതലിനുണ്ടാക്കുന്ന പ്രധാന വിഭവമാണ് 'കൊഴുക്കട്ട'. സാധാരണയായി ശനിയാഴ്ച്ച (ഓശാന ഞായറിന്‍റെ തലേദിവസം) വൈകുന്നേരമാണ് കൊഴുക്കട്ട ഉണ്ടാക്കി വയ്ക്കുന്നത്. ഈസ്റ്ററിനു തൊട്ടുമുമ്പുള്ള ഞായറാഴ്ച്ചയാണ് ക്രിസ്ത്യാനികൾ ഓശാന തിരുന്നാൾ ആഘോഷിക്കുക. കുരുത്തോല പെരുന്നാൾ എന്നും ഇത് അറിയപ്പെടുന്നു. അന്നേ ദിവസം ക്രിസ്ത്യൻ കുടുംബങ്ങളിൽ കൊഴുക്കട്ട പലഹാരം ഉണ്ടാക്കുന്നത് ഒരു പരമ്പരാഗത ആചാരമാണ്.

ചേരുവകൾ:

  • ശർക്കര                  - 250 ഗ്രാം
  • വെള്ളം                   - ¼ കപ്പ്
  • തേങ്ങ ചിരകിയത്   - 1½ കപ്പ്
  • ഏലയ്ക്കാപ്പൊടി       - ½ ടീസ്പൂൺ 
  • ചുക്കുപൊടി              - ¼ ടീസ്പൂൺ 
  • നെയ്യ്                       - 1 ടീസ്പൂൺ 
  • വറുത്ത അരിപ്പൊടി 
  • (തരിയില്ലാത്തത്)       - 2 കപ്പ്
  • തിളച്ച വെള്ളം          - 2½ കപ്പ്
  • ഉപ്പ്                       -  ½ ടീസ്പൂൺ
  • വെളിച്ചെണ്ണ             - 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോ കാണാം

ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ച പാനി, ഒരു പാനിലേക്കൊഴിച്ച് അടുപ്പിൽ വച്ച്  ഒന്നുകൂടി പാവാക്കി, അതിലേക്ക് തേങ്ങചിരകിയത്‌ ചേർത്ത് വലിയിച്ച ശേഷം ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

വറുത്ത അരിപ്പൊടി ഒന്നുകൂടി ചൂടാക്കിയെടുത്ത് അതിലേക്ക് ഉപ്പുചേർത്തു തിളച്ചവെള്ളമൊഴിച്ച്, അൽപം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കണം.

കുഴച്ചുവച്ച മാവിൽ നിന്നും കുറേശ്ശെയെടുത്ത്‌ ചെറിയ ഉരുളകളാക്കി തള്ളവിരൽ വെളിച്ചെണ്ണയിൽ മുക്കി ഉരുട്ടി വച്ച മാവിന്റെ നടുക്ക് കുഴിച്ച് കനംകുറച്ച് കുഴി പാത്രത്തിന്റെ ആകൃതിയിലാക്കി നേരത്തെ തയാറാക്കിയ തേങ്ങാകൂട്ട് അതിനുള്ളിൽ നിറച്ച് തുറന്നിരിക്കുന്ന ഭാഗം അടച്ച് 10-12 മിനിറ്റ്  ആവിയിൽ വേവിച്ചെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

∙ കടയിൽ നിന്ന് വാങ്ങുന്ന അരിപ്പൊടിയാണെങ്കിൽ മാവ് കുഴക്കുന്നതിനു മുൻപായി ഒന്നുകൂടി ചൂടാക്കിയെടുക്കണം. 

∙ മാവ് കുഴക്കാൻ തിളച്ച വെള്ളം മാത്രം ഉപയോഗിക്കണം. കൈ കൊണ്ട് കുഴയ്ക്കാൻ പറ്റുന്ന ചൂടിലേക്കാവുമ്പോൾ കൈ കൊണ്ടു നന്നായി സോഫ്റ്റായി  കുഴച്ചെടുക്കണം. 

∙ ഫില്ലിങ് നിറച്ച  ശേഷം വിള്ളലുകളില്ലാതെ നന്നായി ഉരുട്ടിയെടുക്കണം.

English Summary : Kerala Kozhukattai Recipe by Nimmy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com