നല്ല രുചിയിൽ നുറുക്ക് ഗോതമ്പ് പാല്‍പ്പായസം
Mail This Article
അരിയേക്കാള്‍ പോഷകമൂല്യമുള്ളതും നാരുകളുള്ളതും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതുമായ നുറുക്കു ഗോതമ്പ് ചേർത്തു നല്ല രുചിയോടെ പാല്‍ പായസം തയാറാക്കാം. ഈ പായസത്തിന് തേങ്ങാപ്പാലിന് പകരം പശുവിൻ പാലാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാല്‍ എടുക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇതേറെ ഇഷ്ടപ്പെടും. ശർക്കര മധുരത്തിലാണ് തയാറാക്കുന്നത്. അതിനാൽ പാൽ തിളപ്പിച്ച് കുറച്ച് തണുത്തതിനു ശേഷം ചെറിയ ചൂടോടെ ചേർക്കുന്നതാണ് നല്ലത്.
ചേരുവകള്‍:
• നുറുക്കു ഗോതമ്പ് - 1/2 കപ്പ്
• നിറം കുറഞ്ഞ ശർക്കര - 135 ഗ്രാം
• വെള്ളം - 2 1/2 കപ്പ്
• പാൽ - 2 കപ്പ്
• നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
• ഏലക്കാപ്പൊടി - 1/4 ടീസ്പൂണ്‍
• അണ്ടിപരിപ്പ്
• ഉണക്ക മുന്തിരി
തയാറാക്കുന്ന വിധം:
• നുറുക്കു ഗോതമ്പ് നന്നായി കഴുകി 2 മണിക്കൂര്‍ കുതിര്‍ക്കുക. ഇനി 2 കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ വേവിച്ച് എടുക്കുക. (ഒരു വിസില്‍ വന്നതിനു ശേഷം അടുത്ത വിസില്‍ വരുന്നതു വരെ ഹൈ ഫ്ലേമില്‍ തന്നെ വയ്ക്കുക. സ്റ്റൗ ഓഫ് ചെയ്ത് സ്റ്റീം മുഴുവന്‍ പോയതിനു ശേഷം തുറന്നാല്‍ പാകത്തിന് വെന്ത് കിട്ടും)
• ശർക്കര 1/2 കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക.
• ഒരു പാനില്‍ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക.
• ബാക്കി നെയ്യ് കൂടി ഈ പാനിലേക്ക് ചേര്‍ത്ത് വേവിച്ച നുറുക്കു ഗോതമ്പ് ചേർത്തു 5 മിനിറ്റ് മീഡിയം ഫ്ലേമില്‍ വരട്ടി എടുക്കുക. അതിനു ശേഷം ഉരുക്കിയ ശർക്കര ചേർത്തു 5 മിനിറ്റ് കൂടി മീഡിയം ഫ്ലേമില്‍ വരട്ടി എടുക്കുക. ഇനി പാൽ ഒഴിച്ചു നന്നായി ഇളക്കി കൊടുത്ത് കൊണ്ട് 5 മിനിറ്റ് മീഡിയം ഫ്ലേമില്‍ കുറുക്കിയെടുക്കുക.
• ശേഷം സ്റ്റൗ ഓഫാക്കി ഏലക്കാപ്പൊടി ചേര്‍ത്ത് കൊടുക്കാം. (തീ ഓഫ് ചെയ്യുന്ന സമയത്തു പായസം കൂടുതല്‍ അയവിലാവും ഉണ്ടാവുക. എന്നാല്‍ കുടിക്കാന്‍ പാകത്തിന് ചൂടാറുമ്പോള്‍ അയവും പാകത്തിനാകും.)
• വിളമ്പുന്നതിനു മുമ്പ് വറുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർക്കാം.
English Summary : Payasam is a culinary delight we cannot let stay away from our platter during any festival meal.