പെരുന്നാൾ വിരുന്നൊരുക്കാൻ അറേബ്യൻ രുചിയിൽ ചിക്കൻ ബുഖാരി
Mail This Article
പെരുന്നാൾ വിരുന്നൊരുക്കാൻ അറേബ്യൻ രുചിയിൽ ബുഖാരി റൈസ്. അറേബ്യൻ ജനതയുടെ പ്രിയപ്പെട്ട വിഭവമാണ് ബുഖാരി റൈസ്. ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഇത് തയാറാക്കാൻ. രുചിയും കൂടുതലാണ്. കാരറ്റും കടലയും ചേരുന്നതുകൊണ്ട് ആരോഗ്യഗുണങ്ങളും ഏറെയാണ്.
ബുഖാരി മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ
1. മല്ലി - മുക്കാൽ ടേബിൾസ്പൂൺ
2. കുരുമുളക് - ഒരു ടീസ്പൂൺ
3. ജീരകം - ഒരു ടീസ്പൂൺ
4. കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
5. ഗ്രാമ്പു - 4 എണ്ണം
6. ഏലയ്ക്ക - അഞ്ച് എണ്ണം
7. കറുത്ത ഏലയ്ക്ക - ഒന്ന്
8. വറ്റൽമുളക് - മൂന്ന്
9. മാഗി ചിക്കൻ ക്യൂബ് - മൂന്ന്
10. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
11. ചിക്കൻ - ഒരു കിലോ
ഒന്നുമുതൽ 8 വരെയുള്ള ചേരുവകൾ ചെറിയ തീയിൽ 5 മിനിറ്റ് വറക്കുക. ചൂടാറിയശേഷം മഞ്ഞൾപ്പൊടിയും മാഗി ചിക്കൻ ക്യൂബും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക.
ചിക്കൻ വലിയ കഷ്ണങ്ങളാക്കി വരഞ്ഞു വയ്ക്കുക. പൊടിച്ച മസാല ചിക്കനിൽ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക. മാഗി ക്യൂബിൽ ഉപ്പ് ഉള്ളതിനാൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
റൈസ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- ബസ്മതി അരി - 2 കപ്പ്
- വെള്ളക്കടല - അരക്കപ്പ്
- കാരറ്റ് - 2 എണ്ണം
- ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ
- എണ്ണ - കാൽ കപ്പ് + 2 ടേബിൾ സ്പൂൺ
- സവാള - 2 ഇടത്തരം
- തക്കാളി അരച്ചത് - അരക്കപ്പ്
- വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ
- തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് - 6-8
- ഉണങ്ങിയ നാരങ്ങ - 1
- തക്കാളി സോസ് - 3 ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
- എണ്ണ - ഒരു ടേബിൾ സ്പൂൺ
ചട്നി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- മല്ലിയില അരിഞ്ഞത് - ഒരു കപ്പ്
- തക്കാളി - 2 വലുത്
- സവാള - ഒന്നിന്റെ പകുതി
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- പച്ചമുളക് - 2
- ജീരകം പൊടിച്ചത് - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ചേരുവകളെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചെടുക്കുക.
തയാറാക്കുന്ന വിധം
- കടല തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- കാരറ്റ് ഒന്നിന്റെ പകുതി നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ബാക്കിയുള്ള കാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക.
- ഒരു വലിയ പാത്രത്തിൽ കാൽകപ്പ് റിഫൈൻഡ് ഓയിൽ ചൂടാക്കി നീളത്തിൽ അരിഞ്ഞ കാരറ്റ് വറുത്തെടുക്കാം. കാരറ്റ് നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഉണക്കമുന്തിരി കൂടി ചേർത്ത് വറുക്കണം. ഉണക്കമുന്തിരി മൂത്ത് കഴിയുമ്പോൾ രണ്ടും കോരി മാറ്റുക. ഇതേ എണ്ണയിലേക്ക് നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരച്ചതും ചേർക്കാം.
- തക്കാളിയിലെ വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
- തക്കാളി സോസ്, കാരറ്റ് ഇവ ചേർക്കുക. കാരറ്റും നന്നായി വെന്തുകഴിയുമ്പോൾ രണ്ടു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
- ഇത് ഒരു പ്രഷർ കുക്കറിലേക്കു മാറ്റുക. നന്നായി തിളയ്ക്കുമ്പോൾ ചിക്കൻ കഷ്ണങ്ങൾ, വെള്ളത്തിൽ കുതിർത്ത കടല, പച്ചമുളക്, ഉണങ്ങിയ നാരങ്ങ ഇവ ചേർത്ത് യോജിപ്പിക്കുക. രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക. നാടൻ ചിക്കനാണെങ്കിൽ കൂടുതൽ സമയമെടുക്കും.
- ചൂടാറിയതിനു ശേഷം ഗ്രേവിയിൽ നിന്നും ചിക്കൻ കഷ്ണങ്ങൾ എടുത്തു മാറ്റുക.
- ഗ്രേവി അളന്നു നോക്കുക. രണ്ട് കപ്പ് അരി വേവാൻ വേണ്ടി നാല് കപ്പ് വെള്ളം ആവശ്യമുണ്ട്. ഗ്രേവിയിലേക്ക് ബാക്കി വെള്ളം കൂടി ചേർത്ത് 4 കപ്പ് ആക്കുക.
- ഉപ്പു നോക്കിയിട്ട് ആവശ്യമുണ്ടെങ്കിൽ ചേർക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞ് അരി ഇട്ടുകൊടുക്കാം. വിസിൽ മാറ്റിയതിനുശേഷം കുക്കർ അടയ്ക്കുക. കുക്കറിൽ നിന്നും നന്നായി ആവി വരുമ്പോൾ വിസിൽ ഇട്ട് തീ കുറയ്ക്കുക.
- ഏറ്റവും ചെറിയ ചൂടിൽ 6 മിനിറ്റ് വേവിക്കുക.
- ചൂടാറിയ ശഷം കുക്കർ തുറക്കുമ്പോൾ അരി പാകത്തിന് വെന്തിരിക്കും.
- തക്കാളി സോസിലേക്ക് കാശ്മീരി മുളകുപൊടിയും എണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇത് ചിക്കൻ കഷ്ണങ്ങളിൽ പുരട്ടുക.
- ഒരു പാത്രത്തിൽ അല്പം എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ബ്രൗൺ നിറത്തിൽ രണ്ടു വശവും വറുത്തെടുക്കുക.
- വെന്ത ചോറിന് മുകളിലേക്ക് ഈ ചിക്കൻ കഷ്ണങ്ങൾ നിരത്തുക. വറത്തുവച്ച കാരറ്റും മുന്തിരിയും വിതറി അലങ്കരിക്കാം.
- രുചികരമായ ബുഖാരി റൈസ് തയാർ.
English Summary : A Saudi Arabian speciality, bukhari rice is a fragrant rice dish loaded with flavours and spices.