വിഷുസദ്യ സ്പെഷലാക്കാൻ ‘സമരസ വിഷുകൂട്ട്’; തയാറാക്കിയാലോ!
Mail This Article
വിഷുവിനു സദ്യ പ്രധാനമാണല്ലോ! ഇത്തവണത്തെ സദ്യ കുറേക്കൂടി രുചികരമാക്കാൻ ഒരു സ്പെഷൽ വിഭവം തയാറാക്കാം; സമരസ വിഷുകൂട്ട്. എരുവും പുളിയും മധുരവും കയ്പ്പും... അങ്ങനെ എല്ലാ രസങ്ങളും ചേർന്നൊരു വിഭവം. എങ്കിൽ തുടങ്ങിയാലോ?
ചേരുവകൾ
പാവയ്ക്ക - 2 എണ്ണം
വാളൻപുളി നീര് - 4 ടേബിൾ സ്പൂൺ
ശർക്കര - 4 ടേബിൾ സ്പൂൺ
മോര് വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
രസ പൊടി - 1 1/2 ടേബിൾ സ്പൂൺ
കടുക് - 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
ഉഴുന്ന് - 1 ടീ സ്പൂൺ
ഉണക്ക മുളക് - 3 എണ്ണം
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
പാകം ചെയുന്ന വിധം
ആദ്യം ഒരു 1/4 കപ്പ് തൈരിൽ 1 1/2 കപ്പ് അല്ലെങ്കിൽ 2 കപ്പ് വെള്ളം ഒഴിച്ച് മോര് വെള്ളം തയാറാക്കണം. ഇതിലേക്ക് പാവയ്ക്ക കുരു കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചു അര മണിക്കൂർ ഇട്ടു വയ്ക്കണം. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. ശേഷം ഉഴുന്ന്, ഉണക്ക മുളക് എന്നിവ ചേർത്ത് മൂപ്പിക്കണം.
ഇതിലേക്ക് അര മണിക്കൂർ കുതിർത്തു വെച്ച പാവയ്ക്കാ ചേർത്ത് കൊടുക്കണം. ശേഷം കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റണം. കറിവേപ്പില നന്നായി മൂത്ത് വരുമ്പോൾ 1/2 കപ്പ് വെള്ളം ചേർക്കണം. തുടർന്ന് പുളി വെള്ളം ചേർത്ത് ഇളക്കുക.
ഇതിലേക്ക് ശർക്കരയും ഉപ്പും ചേർത്ത് നന്നായി ഇളക്കണം. ശർക്കരയും പുളിയും നന്നായി പാവയ്ക്കയിൽ പിടിച്ചു വരണ്ട് വരുമ്പോൾ രസപ്പൊടി ചേർത്ത് നന്നായി ഇളക്കണം. ശേഷം 5 മിനിറ്റ് കൂടി തീ കുറച്ചു നന്നായി ഇളക്കി വരട്ടി എടുക്കാം
Content Summary : Vishu Special Samarasa Vishukoottu Recipe by Asha Yohannan