ഈ അവിയൽ തയാറാക്കാൻ രണ്ട് പച്ചക്കറികൾ മാത്രം മതി
Mail This Article
സദ്യയിൽ ഏറെ രുചികരമായ ഒരു വിഭവമാണ് അവിയൽ. ധാരാളം പച്ചക്കറികൾ ചേർത്താണ് അവിയൽ തയാറാക്കുന്നത്. എല്ലാ പച്ചക്കറികളും ഇല്ലെങ്കിലും രണ്ടു പച്ചക്കറികൾ മാത്രം ചേർത്തു രുചികരമായ അവിയൽ തയാറാക്കാം.
ചേരുവകൾ
- ചേന നീളത്തിലരിഞ്ഞത് - 2 കപ്പ്
- മുരിങ്ങക്ക - 2
- പച്ചമാങ്ങ - ഒരു ചെറിയ കഷ്ണം (പകരം തൈര് ചേർക്കാം)
- പച്ചമുളക് - 5
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - 2 കപ്പ്
- ജീരകം - ഒരു ടീസ്പൂൺ
- ചുവന്നുള്ളി - 4 എണ്ണം
- കറിവേപ്പില
- വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ നീളത്തിൽ അരിഞ്ഞ ചേന, മുരിങ്ങക്ക, പച്ചമുളക്, പച്ചമാങ്ങ, മഞ്ഞൾപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം ഇവ ചേർത്ത് യോജിപ്പിക്കുക.
അടച്ച് 10 മുതൽ 15 മിനിറ്റു വരെ വേവിക്കുക.(പച്ചമാങ്ങ ഇല്ലെങ്കിൽ ഏറ്റവുമൊടുവിൽ അൽപം തൈര് ചേർത്താൽ മതി)
തേങ്ങ, ജീരകം, ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില ഇവ മിക്സിയിൽ ചതച്ചെടുക്കുക.
ചേന വെന്തുകഴിയുമ്പോൾ ഈ അരപ്പ് ചേർത്തു യോജിപ്പിക്കുക.
അരപ്പിന്റെ പച്ചമണം മാറുന്നതിനായി വീണ്ടും അടച്ചു വച്ച് 5 മിനിറ്റു കൂടി ചെറിയ തീയിൽ വേവിക്കുക .
തീ ഓഫ് ചെയ്ത ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക.
English Summary : The star dish of every Kerala sadya, the avial can be made with different vegetables.