സോഫ്റ്റ് മൈസൂർപാക് എളുപ്പത്തിൽ രുചികരമായി വീട്ടിലുണ്ടാക്കാം
Mail This Article
വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ രുചികരമായി മൈസൂർ പാക് തയാറാക്കാവുന്നതാണ്. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.
ചേരുവകൾ:
- കടലമാവ് – 300 ഗ്രാം
- ചെറുചൂടുള്ള നെയ്യ് - 200 ഗ്രാം
- ചെറുചൂടുള്ള ഓയിൽ - 100 ഗ്രാം
- പഞ്ചസാര – 300 ഗ്രാം
- വെള്ളം - ¾ കപ്പ്
തയാറാക്കുന്ന വിധം:
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കടലമാവ് ഇട്ട് രണ്ടു മുതൽ 3 മിനിറ്റ് വരെ കുറഞ്ഞ തീയിൽ വറുത്തെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കാം.
നെയ്യും ഓയിലും മറ്റൊരു പാത്രത്തിൽ യോജിപ്പിച്ച് അതിൽനിന്ന് പകുതി, കുറേശ്ശെയായി കടലമാവിലേക്ക് ഒഴിച്ച് പേസ്റ്റ് പരുവത്തിൽ യോജിപ്പിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഇടത്തരം തീയിൽ, പഞ്ചസാര ഒരുനൂൽ പരുവം ആകുന്നതിനു തൊട്ടു മുൻപുവരെ തിളപ്പിച്ചെടുക്കുക.
ഇനി തീ കുറച്ചുവച്ച്, കടലമാവിന്റെ മിശ്രിതം പഞ്ചസാര ലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കികൊടുക്കുക.
നന്നായി യോജിപ്പിച്ച ശേഷം ബാക്കിയുള്ള നെയ്യും ഓയിലും കുറേശ്ശെ വീതം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊടുത്ത് ഇളക്കിക്കൊടുക്കുക. അതിനുശേഷം നന്നായി വരട്ടിയെടുക്കുക. തണുത്ത വെള്ളത്തിലേക്ക് അല്പം മാവൊഴിച്ച്, അത് കൈകൊണ്ട് ഉരുട്ടി എടുത്താൽ ഒട്ടിപ്പിടിക്കാതെ കിട്ടുന്ന പാകമായാൽ ചൂടിൽ നിന്നിറക്കി ഉടനെതന്നെ നെയ്യ് പുരട്ടിയ ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് നന്നായി ചൂടാറിയശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
English Summary : How To Make Soft Mysore Pak, Traditional Sweet Recipe.