ഒരു ഇറ്റാലിയന്‍ രുചിവിസ്മയം : സ്പെഗറ്റിയും മീറ്റ്ബോള്‍സും!
Mail This Article
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് നൂഡില്‍സ് പോലെയിരിക്കുന്ന സ്പെഗറ്റി. ഇത് കഴിക്കാന്‍ എപ്പോഴും റസ്റ്ററന്റില്‍ തന്നെ പോകണമെന്നില്ല. ഒന്നു ശ്രമിച്ചാല്‍ വീട്ടിലും തയാറാക്കാം മീറ്റ് ബോള്‍സ് ചേര്‍ത്ത ഈ സൂപ്പര്‍ ഇറ്റാലിയന്‍ രുചി.
ചേരുവകള്‍:
• സ്പെഗറ്റി - 350 ഗ്രാം
• വെള്ളം - സ്പെഗറ്റി വേകാന്‍ വേണ്ടത്
• ഒലീവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
• ബീഫ് - 1/2 കിലോ
• മോസെറല്ല ചീസ് -3/4 കപ്പ്
• ബ്രഡ് പൊടിച്ചത് - 3/4 കപ്പ്
• സവാള പൊടിയായി അരിഞ്ഞത് - 1/2 കപ്പ്
• പാഴ്‌സലി ഇല അരിഞ്ഞത് - 1/2 കപ്പ്
• കുരുമുളകു പൊടി - 1/2 ടീസ്പൂണ്‍
• ഒറിഗാനൊ - 1/2 ടീസ്പൂണ്‍
• മുട്ട - 1 എണ്ണം
• ഉപ്പ് - ആവശ്യത്തിന്
• ഓയില്‍ - 1/4 കപ്പ്
സോസ് തയാറാക്കാന്‍:
• ഒലീവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
• സവാള - 3/4 കപ്പ്
• വെളുത്തുള്ളി - 2 ചെറുത്
• തക്കാളി - 3 എണ്ണം
• പച്ചമുളക് - 2 എണ്ണം
• ടുമാറ്റൊ പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍(ഇഷ്ടമുണ്ടെങ്കില്‍)
• പാഴ്‌സലി ഇല അരിഞ്ഞത് - 1/2 കപ്പ്
• കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
• ഒറീഗാനൊ - 1/2 ടീസ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
• ബീഫ് നന്നായി കഴുകി വെള്ളമെല്ലാം വാര്‍ന്നതിന് ശേഷം ഉപ്പ് ചേര്‍ത്ത് ഒരു വിസില്‍ വേവിച്ച് ചൂടാറുമ്പോള്‍ മിന്‍സ് ചെയ്തെടുക്കുക.
• ഇതിലേക്ക് മോസറെല്ല ചീസ്, ബ്രഡ് പൊടിച്ചത്, സവാള പൊടിയായി അരിഞ്ഞത്, പാഴ്‌സലി ഇല അരിഞ്ഞത്, കുരുമുളകുപൊടി, ഒറീഗാനൊ, മുട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് മീറ്റ്ബോള്‍സ് തയാറാക്കാം.
• അടുത്തതായി ഉപ്പും ഓയിലും ചേര്‍ത്തു തിളച്ച വെള്ളത്തില്‍ സ്പെഗറ്റി വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് ഒലീവ് ഓയില്‍ ഒഴിച്ച് ഇളക്കി വയ്ക്കുക.
• തയാറാക്കിയ മീറ്റ്ബോള്‍സ് ചൂടായ ഫ്രൈ പാനില്‍ കുറച്ച് എണ്ണയൊഴിച്ച് എല്ലാ വശവും ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഷാലൊ ഫ്രൈ ചെയ്തെടുക്കുക.
• ഇനി സോസ് തയാറാക്കാം. ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ ഒലീവ് ഓയില്‍ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് ചെറുതായി ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിനുശേഷം ഇതിലേക്ക് മിക്സിയില്‍ അടിച്ചെടുത്ത തക്കാളിയും പച്ചമുളകും ചേര്‍ത്ത് 1/2 മിനിറ്റ് കൂടി വഴറ്റി, 5 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഉപ്പും റ്റൊമാറ്റോ പേസ്റ്റും കുരുമുളക് പൊടിയും ഒറീഗാനൊയും പാഴ്‌സലി ഇല അരിഞ്ഞതും ചേര്‍ത്ത് വഴറ്റി സ്റ്റൗ ഓഫ് ചെയ്യാം.
• വിളമ്പുന്ന സമയത്ത് ആദ്യം സ്പെഗറ്റിയിലേക്ക് തയാറാക്കിയ സോസ് കുറച്ച് ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഇതിന് മുകളിലേക്ക് സോസുമായി മിക്സ് ചെയ്ത 2-3 മീറ്റ്ബോള്‍സും കുറച്ച് സോസും വച്ച് കൊടുക്കാം. പാഴ്‌സലി ഇല അരിഞ്ഞത് വച്ച് അലങ്കരിക്കാം.
സൂപ്പര്‍ ടേസ്റ്റിയായ സ്പെഗറ്റിയും മീറ്റ്ബോള്‍സും റെഡി!
English Summary : Spaghetti with meatballs, pasta recipes.