ചൂട് ചായയ്ക്കൊപ്പം മൈസൂർ ബോണ്ട, കൂടെ എരിവുള്ള ചമ്മന്തിയും
Mail This Article
ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ നാലുമണി പലഹാരമാണ് മൈസൂർ ബോണ്ട. ഈ മഴക്കാലത്ത് വൈകുന്നേരങ്ങളിൽ ചൂട് ചായയ്ക്കൊപ്പം ബോണ്ടയും എരിവുള്ള ഒരു ചട്നിയും കൂടിയായാൽ പിന്നെ മഴ ആസ്വദിക്കാൻ വേറെ ഒന്നും വേണ്ട.
ചേരുവകൾ:
- തൈര് - 1 കപ്പ്
- ബേക്കിങ് സോഡ - ½ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ഓയിൽ - 1½ ടേബിൾസ്പൂൺ
- വെള്ളം - 6 ടേബിൾസ്പൂൺ
- നല്ല ജീരകം - ½ ടീസ്പൂൺ
- ഇഞ്ചി ചെറുതായി അരിഞ്ഞത് - ½ ടീസ്പൂൺ
- പച്ചമുളക് ചെറുതായി അരിഞ്ഞത് - ഒരെണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- മൈദ - 2 കപ്പ്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ തൈര്, ബേക്കിങ് സോഡ, ഉപ്പ്, ഓയിൽ, വെള്ളം എന്നിവ ചേർത്ത് കലക്കിയശേഷം അതിലേക്ക് നല്ല ജീരകം, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, മൈദ എന്നിവ ചേർത്ത്, കുറച്ച് മാത്രം വെള്ളം ഒഴിച്ച് കട്ടിയുള്ള മാവ് തയാറാക്കാം.
മാവ്, കുറഞ്ഞത് അഞ്ചു മിനിറ്റ് നേരമെങ്കിലും കൈ കൊണ്ട് അടിച്ചു പതം വരുത്തണം. ഇനി മാവ് 3-4 മണിക്കൂർ അടച്ച് മാറ്റിവയ്ക്കാം. അതിനുശേഷം മാവ് വീണ്ടും ഇളക്കി യോജിപ്പിക്കുക.
ഇനി കൈ ഒന്നു നനച്ചു കൊടുത്ത് കുറേശ്ശെ മാവെടുത്ത് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലൂടെ ഞെക്കി, ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരാം.
ചട്നിയുടെ ചേരുവകൾ:
- ചിരകിയ തേങ്ങ - ½ കപ്പ്
- ചെറിയുള്ളി - 3 എണ്ണം
- പച്ചമുളക് - 2 എണ്ണം
- വാളൻപുളി കട്ടിയിൽ പിഴിഞ്ഞെടുത്തത് - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ¼ കപ്പ്
- കറിവേപ്പില - ആവശ്യത്തിന്
- വെളിച്ചെണ്ണ - ½ ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചട്നിയുടെ 1 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാംകൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക, അതിനുശേഷം കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കി എടുക്കാം.
English Summary : Mysore bonda is one of the popular snacks served in tiffin centers in Karnataka.