കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിലുണ്ടാക്കാം
Mail This Article
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൊട്ടറ്റോ ചിപ്സ്. ബേക്കറികളിൽ നിന്നും ഇനി ഇത് വാങ്ങാതെ വീട്ടിൽ തന്നെ കൃത്രിമ ചേരുവകൾ ഒന്നും ചേർക്കാതെ എളുപ്പത്തിൽ ഉണ്ടാക്കിയെടുത്ത് കുട്ടികൾക്ക് ധൈര്യമായി കഴിക്കാൻ കൊടുക്കാം.
ചേരുവകൾ:
- തക്കാളി - 2 എണ്ണം
- സവാള - 1 എണ്ണം
- വെളുത്തുള്ളി അല്ലികൾ - 12 എണ്ണം
- ഉപ്പ് - ½ ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ഇടത്തരം ഉരുളക്കിഴങ്ങ് - 5 എണ്ണം
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളി രണ്ടായി മുറിച്ച് അതിനുള്ളിലെ ഭാഗം നീക്കം ചെയ്യണം, സവാള കനം കുറച്ച് വട്ടത്തിൽ മുറിച്ചെടുക്കാം, വെളുത്തുള്ളി അല്ലികൾ രണ്ടായി മുറിക്കാം, അതിനുശേഷം ഇതെല്ലാം ഒരു ട്രേയിൽ നിരത്തി വെയിലത്തുവച്ച് നന്നായി ഉണക്കണം, ഇത് ഉണങ്ങിക്കിട്ടാൻ രണ്ടോ മൂന്നോ ദിവസമെടുക്കും. മതിയായ സൂര്യപ്രകാശം ഇല്ലെങ്കിൽ, സ്റ്റൗവിന് മുകളിൽ വച്ച് ഉണക്കിയാലും മതി, ഇതിനും കുറച്ച് സമയമെടുക്കും. ഉണക്കിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കിയശേഷം അരിച്ചെടുക്കാം. ലെയ്സിലേക്കു വേണ്ട മസാലപ്പൊടി തയാറായിക്കഴിഞ്ഞു. ഇത് വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം.
ഇനി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി കഴുകി, വെജിറ്റബിൾ സ്ലൈസർ ഉപയോഗിച്ച് തണുത്ത വെള്ളത്തിലേക്ക് മുറിച്ചിടാം. എന്നിട്ട് 15 മിനിറ്റ് ഈ വെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കാം. ഇനി ഓരോ കഷ്ണങ്ങളും വൃത്തിയുള്ള തുണിയിൽ നിരത്തിവച്ച് മറ്റൊരു തുണി മുകളിൽ ഇട്ട് വെള്ളം ഒപ്പിയെടുക്കാം, ശേഷം ഈ തുണിയുടെ മുകളിലും ബാക്കിയുള്ള കഷ്ണങ്ങൾ നിരത്തി വയ്ക്കാം. ഇതിനു മുകളിലും മറ്റൊരു തുണി ഇട്ട് വെള്ളം ഒപ്പിയെടുത്തശേഷം 20 മിനിറ്റ് വെള്ളം വലിയാനായിട്ട് വയ്ക്കാം.
ഇനി ഇത് ഓരോന്നും നന്നായി ചൂടാക്കിയ എണ്ണയിൽ ഇട്ട്, ചെറിയ തീയിൽ നല്ല ക്രിസ്പി ആകുന്നത് വരെ ഫ്രൈ ചെയ്യുക. എല്ലാം ഇതുപോലെ വറുത്തുകഴിഞ്ഞാൽ,എണ്ണ വീണ്ടും നല്ലതുപോലെ ചൂടാക്കി
വറുത്ത ചിപ്സ് ഒരിക്കൽ കൂടി എണ്ണയിലിട്ട് വേഗം കോരിയെടുക്കാം. ഇനി നേരത്തെ തയാറാക്കിവച്ച മസാലപ്പൊടി ചിപ്സിൽ വിതറിയശേഷം എല്ലായിടത്തേക്കും യോജിപ്പിച്ചെടുക്കാം. ഇത് പ്രീസെർവേറ്റീവുകൾ ചേർക്കാത്തതിനാൽ പെട്ടെന്ന് തണുത്തുപോകാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
English Summary : How to make perfect potato chips with seasoning.