വെന്തു കുഴഞ്ഞ നാടൻ ഉള്ളി കറി, ഉഗ്രൻ സ്വാദ്
Mail This Article
ഹോട്ടലുകളിൽ കിട്ടുന്ന നല്ല വെന്തു കുഴഞ്ഞ ഉള്ളിക്കറി ചോദിച്ചു വാങ്ങി കഴിക്കാത്തവർ വളരെ കുറവായിരിക്കും. ചപ്പാത്തി, പൊറോട്ട,അപ്പം, പൂരി.. ഏത് പലഹാരം ആയാലും കൂടെ ഉള്ളിക്കറി ബെസ്റ്റ് കോമ്പിനേഷനാണ്. ചോറിൽ ഒഴിച്ചു കഴിക്കാനും വളരെ നല്ലതാണ്.
ചേരുവകൾ
- സവാള - അരക്കിലോ
- പച്ചമുളക് - 5
- തക്കാളി - 1
- കറിവേപ്പില - രണ്ട് തണ്ട്
- വെളിച്ചെണ്ണ - കാൽ കപ്പ്
- കടുക് - ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
- പെരുംജീരകപ്പൊടി - അര ടീസ്പൂൺ
- തിളച്ച വെള്ളം - ഒന്നര കപ്പ്
തയാറാക്കുന്ന വിധം
സവാള കനം കുറച്ച് നീളത്തിൽ അരിയുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു വഴറ്റുക.
സവാള വെന്തു കുഴഞ്ഞു കിട്ടാനായി അടച്ചുവച്ച് ചെറിയ തിയിൽ 10 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.
സവാള ബ്രൗൺ നിറമായി എണ്ണ തെളിയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി ഇവ ചേർത്തു വഴറ്റുക.
പൊടികളുടെ പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർത്തു വഴറ്റുക.
ഒന്നര കപ്പ് തിളച്ച വെള്ളം കൂടി ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക.
സവാളയും തക്കാളിയും നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ അര ടീ സ്പൂൺ പഞ്ചസാര കൂടി ചേർക്കുക.
ചാറു കുറുകുമ്പോൾ തീ ഓഫ് ചെയ്യാം.
കൂടുതൽ തയാറാക്കി ഫ്രിജിൽ വച്ചിരുന്നാൽ ഒരാഴ്ച വരെ കേടാവാതെ ഉപയോഗിക്കാം.
English Summary : Restaurant Style Onion Gravy.