ച്യവനപ്രാശം: ആയുർവേദ കൂട്ടുകളുടെ മിശ്രിതം, വീട്ടിൽ തയാറാക്കാം
Mail This Article
ആയുർവേദ കൂട്ടുകളുടെ ഒരു മിശ്രിതമാണ് ച്യവനപ്രാശം. അസുഖം വരാതിരിക്കാൻ അമ്മമാർ പണ്ട് മഴക്കാലത്ത് കുട്ടികൾക്കു നൽകിയിരുന്ന ഒന്നാണ് ച്യവനപ്രാശം. വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നെല്ലിക്ക – 1/ 2 കിലോ
- നെയ്യ് – 1 / 3 കപ്പ്
- ശർക്കര – 400 ഗ്രാം
- കുങ്കുമപ്പൂവ് – ഒരു സ്പൂൺ
- വയണ ഇല / ഇടണ – ഒരെണ്ണം
- പട്ട –1 ഇഞ്ച് കഷ്ണം
- ചുക്ക് – 10 ഗ്രാം
- വചനലോചൻ – 10 ഗ്രാം
- തിപ്പലി – 10 ഗ്രാം
- നാഗകേസർ – 5 ഗ്രാം
- ജാതിക്ക – 5 ഗ്രാം
- ഏലക്ക – 5 -7 എണ്ണം
- ഗ്രാമ്പൂ – 5 ഗ്രാം
- കുരുമുളക് – 5 ഗ്രാം
തയാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി പ്രഷർ കുക്കറിൽ കുറച്ചു വെള്ളം ചേർത്തു വേകാൻ വയ്ക്കുക. വേവിച്ച നെല്ലിക്ക കുരു കളഞ്ഞ ശേഷം വെള്ളം പൂർണമായും മാറ്റി മിക്സിയിൽ അരച്ച് നല്ല പേസ്റ്റ് രൂപത്തിൽ എടുക്കുക.
മറ്റൊരു മിക്സിയുടെ ജാറിൽ കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, ജാതിക്ക, നാഗ കേസരി , തിപ്പലി , വചനലോചൻ , ചുക്ക്, പട്ട , വയണയില എന്നിവ നന്നായി പൊടിച്ച് എടുക്കുക .
ചുവടു കട്ടിയുള്ള ഉരുളിയോ അതുപോലെ കട്ടിയുള്ള പാത്രമോ അടുപ്പത്തു വച്ചു നന്നായി ചൂടാകുമ്പോൾ നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്കു അരച്ചു വച്ച നെല്ലിക്കയും ഒപ്പം ശർക്കരയും ചേർത്തു നന്നായി ഇളക്കി നെല്ലിക്കയിലെ ജലാംശം കുറഞ്ഞു കുറുകി തുടങ്ങുമ്പോൾ അതിലേക്കു പൊടിച്ചു വച്ച കൂട്ടും ചേർക്കാം. എല്ലാം നന്നായി കുറുക്കി ജാം പോലെ തവിട്ടു നിറം വന്നു കഴിയുമ്പോൾ നെയ്യ് ചേർത്തു യോജിപ്പിക്കാം. അത് പാനിൽ നിന്നും വിട്ടു തുടങ്ങും. ഈ സമയം കുങ്കുമപ്പൂവ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. തണുത്ത ശേഷം വായുകടക്കാത്ത കുപ്പിയിൽ സൂക്ഷിച്ച് ഉപയോഗിക്കാം.
English Summary : Traditional ayurvedic chyawanprash recipe.