അവലും പഴവും വരട്ടിയത്, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ
Mail This Article
പോഷകഗുണങ്ങൾ നിറഞ്ഞ പലഹാരങ്ങൾ കുട്ടികൾക്ക് തയാറാക്കി കൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കൻമാരും. സ്കൂൾ വിട്ട് ക്ഷീണിച്ചു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ലൊരു പലഹാരമാണ് അവലും ഏത്തപ്പഴവും വരട്ടിയത്. ഗുണങ്ങൾ ഏറെയുള്ള എള്ള് കൂടി ചേർത്തു തയാറാക്കുന്നതു കൊണ്ടു കുട്ടികളുടെ ബുദ്ധിവികാസത്തെ വളരെയധികം സഹായിക്കുന്നു.
ചേരുവകൾ
- അവൽ - ഒരു കപ്പ്
- ഏത്തപ്പഴം - 2
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ശർക്കര - അരക്കപ്പ്
- നെയ്യ് - ഒരു ടേബിൾ സ്പൂൺ
- കശുവണ്ടി പരിപ്പ് - കാൽ കപ്പ്
- എള്ള് - ഒരു ടേബിൾ സ്പൂൺ
- ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ശർക്കര കാൽ കപ്പ് വെള്ളം ചേർത്തു തിളപ്പിച്ച് അരിച്ചു മാറ്റിവയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അവൽ എണ്ണ ചേർക്കാതെ ചെറിയ തീയിൽ വറുത്തെടുക്കുക.
അവൽ മാറ്റിയ ശേഷം നെയ് ചൂടാക്കി കശുവണ്ടി പരിപ്പ് ഇളം ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
എള്ള് ഒരു അരിപ്പയിലേക്ക് ഇട്ട് കഴുകി എടുത്തു നെയ്യിലേക്ക് ചേർത്ത് മൂപ്പിക്കുക.
എള്ള് മൂത്ത് പൊട്ടി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ ഏത്തപ്പഴം ചേർക്കുക.
ഏത്തപ്പഴം വേവാനായി രണ്ടു മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
തയാറാക്കിയ ശർക്കരപ്പാനി ചേർക്കുക.
നന്നായി തിളച്ചു കഴിയുമ്പോൾ ഏലയ്ക്കാപ്പൊടിയും അവലും തേങ്ങ ചിരകിയതും ചേർക്കുക.
എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. വറുത്തുവച്ച അണ്ടിപ്പരിപ്പ് കൂടി ചേർത്തു യോജിപ്പിക്കുക.
English Summary : Aval Banana snack recipe by Ganga Sreekanth.