തട്ടുകട രുചിയില്‍ ഒരു നാടൻ മുട്ട റോസ്റ്റ്
Mail This Article
ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങി ഏതിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ മുട്ട റോസ്റ്റ് രുചി.
ചേരുവകൾ :
• മുട്ട - 4 എണ്ണം
• സവാള - 3 എണ്ണം
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
• പച്ചമുളക് - 2 എണ്ണം
• തക്കാളി - 2 എണ്ണം
• മഞ്ഞൾ പൊടി - ഒരു നുള്ള്
• മല്ലിപ്പൊടി - 2 ടീസ്പൂൺ
• മുളകുപൊടി - 1 ടീസ്പൂൺ
• കുരുമുളകു പൊടി - 1/4 ടീസ്പൂൺ
• ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ
• ഗ്രാമ്പൂ - 3-4 എണ്ണം
• കറുവാപ്പട്ട - 4-5 ചെറിയ കഷ്ണം
• പെരും ജീരകം - 1/2 ടീസ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• കറിവേപ്പില - 2-3 തണ്ട്
• വെളിച്ചെണ്ണ - 4 ടേബിള്‍സ്പൂണ്‍
• ചൂടുവെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം :
• ഒരു നോണ്‍സ്റ്റിക്ക്പാനില്‍ എണ്ണ ചൂടാക്കി അതിലേക്കു ഗ്രാമ്പൂവും കറുവാപ്പട്ടയും പെരുംജീരകവും ചേർത്തു മൂത്ത് വരുമ്പോള്‍ കനംകുറച്ചു മുറിച്ച സവാളയിട്ടു ഗോൾഡൻ ബ്രൗൺ ആവുന്നതുവരെ വഴറ്റുക. അതിനുശേഷം ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു പച്ചമണം മാറുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക.
•ഇനി തീ കുറച്ചു വച്ച് ഇതിലോട്ടു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്തു വഴന്ന് വരുമ്പോള്‍ മുറിച്ചുവച്ച തക്കാളിയും നടുവേ കീറിയ പച്ചമുളകും ചേർക്കുക. ഇളക്കി യോജിപ്പിച്ചശേഷം 3-4 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
•അതിനുശേഷം ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റി, ചൂടുവെള്ളം ചേർത്തു യോജിപ്പിക്കുക. തിളച്ച് വരുമ്പോള്‍ മുട്ട പുഴുങ്ങിയതും ചേർത്ത് ഒരു മിനിറ്റ് അടച്ചുവച്ചു വേവിക്കുക. തട്ടുകട രുചിയിലുള്ള ‘നാടൻ മുട്ട റോസ്റ്റ്’ റെഡി !
English Summary : Egg Roast pairs up with Appam or idiyappam.