ദോശമാവും ചെറുപഴവും ചേർത്തു രുചികരമായ പനിയാരം
Mail This Article
എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണിത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
•ദോശമാവ് - 2 കപ്പ്
•ചെറുപഴം - 2
•പഞ്ചസാര - 3 ടേബിൾസ്പൂൺ
•ഏലക്ക - 4
•കറുത്ത എള്ള് - 1 ടീസ്പൂൺ
•നെയ്യ് - 1 ടീസ്പൂൺ
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•അരച്ചെടുത്ത ദോശമാവിലേക്കു ചെറുപഴം നന്നായി ഉടച്ചത് ചേർക്കുക. ശേഷം പഞ്ചസാരയും ഏലക്ക പൊടിച്ചതും ചേർത്തു യോജിപ്പിക്കുക. അതിനു ശേഷം നെയ്യും കറുത്ത എള്ളും ചേർത്തു നന്നായി യോജിപ്പിക്കുക.
•ശേഷം ഉണ്ണിയപ്പച്ചട്ടി ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കിയെടുക്കാം.
•തയാറാക്കിവച്ചിരിക്കുന്ന മിക്സ് സ്പൂൺ ഉപയോഗിച്ചു കോരിയോഴിക്കാം. തിരിച്ചും മറിച്ചും ഇട്ട് ചെറിയ തീയിൽ വേവിക്കുക, സ്നാക്ക് റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.
English Summary : Unique paniyaram using idli batter.