ADVERTISEMENT

രുചിയും ഗുണവും ചേരുന്ന രണ്ട് സൂപ്പ് രുചികൾ പരിചയപ്പെടാം.


തക്കാളി സൂപ്പ്

 

ചേരുവകൾ

  • തക്കാളി – 3 എണ്ണം
  • നെയ്യ് / ബട്ടർ – 1 ടീസ്പൂൺ
  • എണ്ണ – 1 ടീസ്പൂൺ
  • പട്ടയുടെ ഇല – 1
  • കുരുമുളക് – 1/2 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 2 സ്പൂൺ
  • സവാള അരിഞ്ഞത് – 2 ടേബിള്‍സ്പൂൺ
  • കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂൺ
  • പഞ്ചസാര – 2 ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് 
  • കോൺഫ്ലവർ + വെള്ളം

 

തയാറാക്കുന്ന വിധം

ആദ്യം നന്നായി പഴുത്ത 3 തക്കാളി എടുത്ത് കഴുകി വൃത്തിയാക്കിയ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ഇനി ഗ്യാസ് കത്തിച്ച് ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ നെയ്യും ഒരു ടീസ്പൂൺ എണ്ണയും കൂടി ഒഴിച്ച് ചൂടായ ശേഷം അര ടീസ്പൂൺ കുരുമുളകും ഒരു ചെറിയ ബേ ലീഫും കൂടി ഇട്ട് ഇളക്കിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും രണ്ട് ടേബിൾ സ്പൂൺ സവാള കൊത്തി അരിഞ്ഞതും രണ്ട് ടേബിൾ സ്പൂൺ കാരറ്റ് അരിഞ്ഞതും ഒരു ടീസ്പൂൺ കുരുമുളകു പൊടിയും ചേർത്തു നന്നായി ഇളക്കുക. ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തു രണ്ടു മിനിറ്റ് നന്നായി ഇളക്കുക. തക്കാളി ഒന്നു വാടി വരുമ്പോൾ രണ്ടു ഗ്ലാസ് വെള്ളവും (വെള്ളം ആവശ്യാനുസരണം ചേർക്കാം) ഉപ്പും ചേർത്ത് അടച്ചു വച്ചു 3–4 മിനിറ്റ് വരെ വേവിക്കുക. 

 

ഇടയ്ക്കിടയ്ക്ക് ഒന്നിളക്കി കൊടുക്കണം. തക്കാളി വെന്തു കഴിയുമ്പോൾ ചൂടോടെ തന്നെ ഒരു സ്റ്റീൽ അരിപ്പയിൽ ഇത് അരിച്ചെടുക്കുക. കുരുമുളകും ബേ ലീഫും മാറ്റിയ ശേഷം തക്കാളി ഒരു മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സ് അതേ പാനിലേക്കു വീണ്ടും ഒഴിച്ചു കൊടുക്കുക. 

 

മിക്സിയുടെ ജാറിലേക്ക് അരിച്ചു വച്ചിരിക്കുന്ന വെള്ളം ഒഴിച്ച് കഴുകി ഈ വെള്ളവും ആവശ്യത്തിന് ഉപ്പും തക്കാളിയുടെ അരപ്പിലേക്കു ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഒരു ടീസ്പൂൺ കുരുമുളക് പൊടിയും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി യോജിപ്പിച്ചു തിളച്ചു കഴിയുമ്പോൾ വീണ്ടും ഒന്നു കൂടി അരിച്ചെടുക്കുക. അരിച്ചെടുത്ത ശേഷം ഈ മിക്സ് വീണ്ടും പാനിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്കു കാൽ കപ്പ് െവള്ളത്തിൽ ഒരു ടീസ്പൂണ്‍ കോണ്‍ഫ്ലോർ യോജിപ്പിച്ചതും കൂടി ചേർത്തു നന്നായി ഇളക്കുക. 

 

ഒന്നു കുറുകി വരുമ്പോഴേക്കും തീ ഓഫ് ചെയ്തു ഈ സൂപ്പ് ബൗളിലേക്കു മാറ്റുക. ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. ബ്രഡ് കഷ്ണങ്ങൾ ഇഷ്ടമില്ലാത്തവർക്കു സൂപ്പ് പ്ലെയിനായി തന്നെ കഴിക്കാം. വേണമെങ്കിൽ ചില്ലി സോസും കുരുമുളകുപൊടിയും ചേർത്തു സൂപ്പ് ഉപയോഗിക്കാം.

vegetable-soup

 

ബ്രഡ് ക്രൂട്ടോൺസ് തയാറാക്കുന്ന വിധം

3 ബ്രഡ് എടുത്ത് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക. അതിനു ശേഷം ഒരു ഫ്രൈയിങ് പാൻ അടുപ്പത്തു വച്ച് അതിലേക്കു കുറച്ചു ബട്ടർ ഇട്ടു രണ്ടു വശവും ഫ്രൈ ചെയ്തെടുക്കുക. (അവ്നിൽ ബ്രഡ് ഫ്രൈ ചെയ്യുകയാണെങ്കിൽ ഒരു പാത്രത്തിൽ ഒലിവ് ഓയിൽ പുരട്ടി ബ്രഡ് കഷ്ണങ്ങൾ നിരത്തി 30 സെക്കന്റ് ചൂടാക്കി എടുക്കാം.) ഇങ്ങനെ ചെയ്യുന്നതിനാണ് ബ്രഡ് ക്രൂട്ടോൺസ് എന്നു പറയുന്നത്. ബട്ടറിനു പകരം ഒലിവ് ഓയിലും ഉപയോഗിക്കാം. 

 

(സൂപ്പ് കുറുകാനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കോൺഫ്ലോർ ആണ്. നല്ല കുറുകിയ സൂപ്പ് ആവശ്യമുള്ളവർ തക്കാളി വേവിക്കുന്നതിന്റെ കൂടെ ഒരു ഉരുളക്കിഴങ്ങുകൂടി ചെറിയ കഷ്ണങ്ങളാക്കി വേവിച്ച് അരച്ചാൽ സൂപ്പ് നന്നായി കുറുകി കിട്ടും. അതുമല്ലെങ്കിൽ തക്കാളി വേവിക്കുന്നതിനോടൊപ്പം വൈറ്റ് റൈസ് (പൊന്നി അരി) തക്കാളിയുടെ കൂടെ വേവിച്ച് അരച്ചാലും സൂപ്പിന് നല്ല കട്ടി കിട്ടും. )

 

ലെമൺ കൊറിയാൻഡർ സൂപ്പ്

 

  • ബട്ടർ / നെയ്യ്
  • വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • പച്ചമുളക് അരി​ഞ്ഞത് –1 എണ്ണം
  • ഉപ്പ്
  • നാരങ്ങാ നീര് – 1 ചെറു നാരങ്ങയുടേത്
  • കുരുമുളക് പൊടി
  • കോൺഫ്ലവർ + വെള്ളം
  • വെള്ളം – 3 കപ്പ്
  • കാരറ്റ് അരിഞ്ഞത് – 1/4 കപ്പ്
  • കാബേജ് അരിഞ്ഞത് – 1/4 കപ്പ്
  • മല്ലിയില അരിഞ്ഞത് – 1/2 കപ്പ്

 

തയാറാക്കുന്ന വിധം

സ്റ്റൗ കത്തിച്ച് ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ഇട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഒരു പച്ചമുളക് അരിഞ്ഞതും ചേർത്തു വഴറ്റി എടുക്കുക. 

 

ഇതിലേക്കു കാൽകപ്പ് വീതം കാരറ്റും കാബേജും അരിഞ്ഞതും (ബീൻസോ സെലറിയോ ഏത് വെജിറ്റബിൾസ് വേണമെങ്കിലും ഇതിലേക്ക് ചേർക്കാവുന്നതാണ്) ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും മൂന്ന് കപ്പ് വെജിറ്റബിൾ സ്റ്റോക്കും (വെജിറ്റബിൾ വേവിച്ച െവള്ളം) ചേർക്കുക. വെറും വെള്ളമായാലും കുഴപ്പമില്ല. ഇത് നന്നായി തിളച്ച് കാരറ്റും കാബേജും വെന്ത ശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ നീരും മല്ലിയില അരിഞ്ഞതും (അര കപ്പ്)  ചേർത്തു അടച്ചു വച്ചു വേവിക്കുക. ഇതെല്ലാം വെന്തു വന്ന ശേഷം കാൽകപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ കോൺഫ്ലോർ കലക്കിയതും കൂടി ചേർത്തു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ബൗളിലേക്കു മാറ്റി ടുമാറ്റോ സോസോ ചില്ലി സോസോ ചേർത്തു ഉപയോഗിക്കാം.

 

English Summary : Soup is a flavoursome broth made by cooking vegetables, fish, meat, or grains in specific proportion.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com