ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു കിണ്ണം ചോറ് ഉണ്ണാം
Mail This Article
ചെറിയുള്ളിയും മുളകും ചേർത്തു വെളിച്ചെണ്ണയില്‍ ചാലിച്ചെടുത്ത രുചികരമായ ഈ ചമ്മന്തി സ്വാദിന്‍റെ കാര്യത്തില്‍ അതുല്യമാണ്. ഒരു തവണ ഇതുപോലെ ഉള്ളി – മുളക് ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റൊരു കറിയും ഇല്ലെങ്കിലും ചോറുണ്ണുന്നതിന് ഒരു കണക്കും ഉണ്ടാകില്ല.
ചേരുവകൾ :
• ചെറിയ ഉള്ളി - 25 എണ്ണം
• ഉണക്കമുളക് - 10 എണ്ണം
• വാളൻപുളി - ചെറിയ ചെറുനാരങ്ങാ വലുപ്പത്തില്‍
• കറിവേപ്പില - 2 തണ്ട്
• വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ മീഡിയം തീയിൽ ചെറിയ ഉള്ളി ചേർത്തു വഴറ്റുക. ചെറുതായിട്ടു വഴന്നു വരുമ്പോള്‍ കറിവേപ്പിലയും പുളിയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
• ശേഷം അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും വഴറ്റിയെടുക്കുക.
• ഉള്ളിയും മുളകും തണുത്തു കഴിയുമ്പോൾ ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കു മാറ്റിയിട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക.
സ്വാദിഷ്ടമായ ഉള്ളി മുളകു ചമ്മന്തി റെഡി!
English Summary : Onion chilli chammanthi, Kerala style recipe.