പുട്ടിന്റെ കൂടെ സൂപ്പർ രുചിയിൽ പപ്പടം മെഴുക്കുപുരട്ടി
Mail This Article
പപ്പടം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എണ്ണയിൽ വറുത്ത് കഴിക്കാൻ മാത്രമല്ല രുചികരമായ മെഴുക്കുപുരട്ടിയും പപ്പടം കൊണ്ട് തയാറാക്കാം. പുട്ടിന്റെ കൂടെയാണ് ബെസ്റ്റ് കോമ്പിനേഷൻ. ചോറിന്റെ കൂടെ കഴിക്കാനും വെറുതെ ചായയുടെ കൂടെ പലഹാരമായി കഴിക്കാനും നല്ല രുചിയാണ്.
ചേരുവകൾ
- പപ്പടം - 5 എണ്ണം വലുത്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ചുവന്നുള്ളി - 10 എണ്ണം
- വെളുത്തുള്ളി - 3 അല്ലി
- വറ്റൽ മുളക് - 2
- കറിവേപ്പില - ആവശ്യത്തിന്
- മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പപ്പടം ചെറിയ കഷണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ പപ്പട കഷണങ്ങൾ വറുത്തു കോരുക.
ചുവന്നുള്ളിയും വെളുത്തുള്ളിയും വറ്റൽമുളകും കൂടി മിക്സിയിലിട്ടു ചതച്ചെടുക്കുക. (എരിവ് കൂടുതൽ വേണമെങ്കിൽ മുളകിന്റെ എണ്ണം കൂട്ടാം)
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പപ്പടം വറുത്ത എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക.
ചതച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും വറ്റൽ മുളകും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർക്കുക.
നന്നായി ഡ്രൈ ആവുമ്പോൾ തയാറാക്കിയ പപ്പടം കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
ഏറെ രുചിയുള്ള പപ്പടം മെഴുക്കുപുരട്ടി തയാറായി.
Content Summary : Pappad stir fry recipe by Ganga.