അസാധ്യ രുചിയില്‍ ഒരു വെജിറ്റബിൾ പുലാവ്, 15 മിനിറ്റിനുള്ളിൽ തയാറാക്കാം
Mail This Article
വളരെ കുറച്ച് ചേരുവകള്‍ മതി, എളുപ്പത്തില്‍ തയാറാക്കാം നല്ല രുചിയിൽ ഒരു വെജിറ്റബിൾ പുലാവ്. പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ളവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപാട് ഇഷ്ടപ്പെടും. ചോറുണ്ണാന്‍ മടിയുള്ള കുട്ടികള്‍ക്ക് സ്ക്കൂളിലേക്കു കൊടുത്തയയ്ക്കാനും ബെസ്റ്റ്!
ചേരുവകള്‍:
• ബസ്‌മതി അരി - 2 കപ്പ്
• സവാള - 1 എണ്ണം
• പച്ചമുളക് - 2 എണ്ണം
• കാരറ്റ് - 1 എണ്ണം
• ബീൻസ് - 15 എണ്ണം
• ഗ്രീൻ പീസ് - 1/2 കപ്പ്
• വഴനയില - 2 എണ്ണം
• കറുവാപ്പട്ട - 3-4 ചെറിയ കഷണം
• ഗ്രാമ്പൂ - 6 എണ്ണം
• ഏലക്ക - 6 എണ്ണം
• ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
• വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
• നെയ്യ് - 2 ടേബിള്‍സ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• മല്ലിയില - കുറച്ച്
• ചൂടുവെളളം - 4 കപ്പ്
• നാരങ്ങാനീര് - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
• കാരറ്റും ബീൻസും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം.
• ഒരു ഫ്രൈയിങ് പാന്‍ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോള്‍ നെയ്യ് ചേര്‍ത്ത്, വഴനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക എന്നിവ ചേര്‍ത്തു വഴറ്റുക. ശേഷം സവാളയും പച്ചമുളകും ചേര്‍ത്തു വഴന്നു വരുമ്പോള്‍, ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.
• അടുത്തതായി കാരറ്റും ബീൻസും ചേര്‍ത്തു 1 മിനിറ്റ് മീഡിയം തീയിൽ വഴറ്റിയതിനുശേഷം, കഴുകി വെള്ളം വാര്‍ന്നുപോയ ബസ്മതി റൈസ് ചേര്‍ത്തു 1 മിനിറ്റ് കൂടി വഴറ്റി, ഗ്രീൻ പീസ് ചേര്‍ത്തു യോജിപ്പിക്കാം.
• ഇനി ചൂടുവെളളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചെടുക്കണം. അരി വേവുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ വേവിക്കുന്ന സമയത്ത് നാരങ്ങാനീര് ചേര്‍ത്തു കൊടുക്കാം.
• സ്റ്റൗ ഓഫ് ചെയ്തതിനുശേഷം മല്ലിയില ചേര്‍ത്തു 2 മിനിറ്റ് അടച്ച് വച്ചതിനുശേഷം വിളമ്പാം.
Content Summary : Vegetable Pilaf malayalam recipe.