ഏത്തപ്പഴവും വെര്‍മിസെല്ലിയും ചേര്‍ത്ത പുതുപായസരുചി
Mail This Article
സേമിയ പായസം തയാറാക്കാന്‍ വളരെ എളുപ്പമായതു കൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയില്‍ തയാറാക്കാതെ അൽപം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്‍ത്തു ഈ സ്പെഷല്‍ സേമിയ പായസം ഒന്നു പരീക്ഷിച്ച് നോക്കൂ. പെട്ടെന്ന് തയാറാക്കുകയും ചെയ്യാം.
ചേരുവകൾ
• വെര്‍മിസെല്ലി - 100 ഗ്രാം
• പാല്‍ - 1 1/2 ലിറ്റര്‍
• ഏത്തപ്പഴം - 2 എണ്ണം
• നെയ്യ് - 4 ടേബിള്‍സ്പൂണ്‍
• അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
• ഉണക്കമുന്തിരി - 2 ടേബിള്‍സ്പൂണ്‍
• പഞ്ചസാര - 3/4 കപ്പ്
• വെള്ളം - 1 കപ്പ്
• ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• ഒരു നോണ്‍സ്റ്റിക്ക്പാനില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ് ചൂടാക്കി അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ഗോൾഡൻ ബ്രൌൺ നിറത്തില്‍ വറുത്തെടുക്കുക. ഇനി ബാക്കിയുള്ള നെയ്യിലേക്ക് 1 ടേബിള്‍സ്പൂണ്‍ നെയ് കൂടി ഒഴിച്ച് അരിഞ്ഞെടുത്ത ഏത്തപ്പഴം ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 1/2 ഗ്ലാസ്സ് പാല്‍ ചേര്‍ത്ത് തിളച്ച് കഴിയുമ്പോള്‍ ഇറക്കി വയ്ക്കുക.
• ഒരു കപ്പ് വെള്ളവും രണ്ട് കപ്പ് പാലും കൂടി തിളപ്പിക്കാന്‍ വെക്കുക. മറ്റൊരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ് ഒഴിച്ച് വെര്‍മിസെല്ലി ചേര്‍ത്ത് വഴന്ന് വരുമ്പോള്‍, തിളച്ച് വന്ന പാലും വെള്ളവും ചേര്‍ത്ത് വേവിച്ച് മാറ്റിവയ്ക്കുക.
• ഇനി മറ്റൊരു നോണ്‍സ്റ്റിക്ക്പാനിലേക്ക് 5 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കാരമലൈസ് ചെയ്ത് ബാക്കിയുള്ള പാലൊഴിച്ച് തിളപ്പിക്കുക. ശേഷം ബാക്കി പഞ്ചസാരയും, വേവിച്ച് വെച്ച സേമിയയും, ഏത്തപ്പഴവും ചേര്‍ത്ത് തിളച്ച് കഴിഞ്ഞാല്‍ തീയണക്കാം. ഇനി ഏലയ്ക്കാപ്പൊടിയും വറുത്തെടുത്ത അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ചേര്‍ത്ത് യോജിപ്പിച്ച് കുടിക്കാന്‍ പാകത്തിന് കുറച്ചൊന്ന് ചൂടാറുമ്പോള്‍ വിളമ്പാം.
Content Summary : Banana vermicelli payasam for Navarathri celebration