പരിപ്പ് കൊണ്ടൊരു മുട്ടവട, പഴമതൻ രുചിക്കൂട്ട്
Mail This Article
നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ചായക്കടികൾ. പരിപ്പുവട, ഉഴുന്നുവട, സവാളവട എന്നിങ്ങനെ പലതരം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്, എന്നാൽ മുട്ടവട എപ്പോഴെങ്കിലും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? മുട്ടവട എന്നാണ് പേര് എങ്കിലും പരിപ്പ് ഇതിലെ ഒരു പ്രധാന ചേരുവ തന്നെയാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം. ഇന്നത്തെ കാലത്ത് അധികമാരും കേട്ടിരിക്കാൻ ഇടയില്ലാത്ത പഴമക്കാരുടെ ഈ രുചിക്കൂട്ട് എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കാം.
ചേരുവകൾ
- മുട്ട - 2 എണ്ണം
- തുവര പരിപ്പ് - 1 കപ്പ്
- ഉലുവ - ¼ ടീസ്പൂൺ
- ജീരകം - ¼ ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മുളകുപൊടി - 1½ ടീസ്പൂൺ
- കായം പൊടി - ½ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- പച്ചമുളക് വട്ടത്തിലരിഞ്ഞത് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- അരിപ്പൊടി - ¼ കപ്പ്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് ഒരു മണിക്കൂർ നേരം ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കാം. ഉലുവ, ജീരകം എന്നിവ വറുത്തു പൊടിച്ച് മാറ്റി വയ്ക്കാം. മല്ലിപ്പൊടി, മുളകുപൊടി എന്നിവ കുറഞ്ഞ തീയിൽ ഒരു മിനിറ്റ് നേരം വറുത്തു മാറ്റിവയ്ക്കണം.
കുതിർത്തുവച്ച പരിപ്പ് നന്നായി കഴുകി വാരി വെള്ളമില്ലാതെ അരച്ചെടുക്കണം(നന്നായി അരയേണ്ടതില്ല). അരച്ചെടുത്ത പരിപ്പ് ഒരു പാത്രത്തിലേക്കു മാറ്റി ആവശ്യത്തിന് ഉപ്പ്, പച്ചമുളക്, കറിവേപ്പില, ഉലുവ ജീരകം പൊടിച്ചത്, മുളകുപൊടി മല്ലിപ്പൊടി വറുത്തത്, കായം പൊടി എന്നിവ ചേർത്തു നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം. ഇനി ഇതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി എടുക്കണം. അതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് ഇളക്കി എടുക്കാം.
കൈ വെള്ളത്തിൽ ഒന്നു നനച്ചശേഷം മാവിൽനിന്ന് കുറച്ച് എടുത്തു ഉരുട്ടി കൈവെള്ളയിൽ വച്ച് ചെറുതായി പരത്തി ചൂടായി കിടക്കുന്ന എണ്ണയിൽ ഇട്ട് ഇടത്തരം തീയിൽ രണ്ടുവശവും ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരി മാറ്റാം. മുട്ടവട തയാറായിക്കഴിഞ്ഞു. ഇത് എരിവും പുളിയുമുള്ള ഒരു ചമ്മന്തി കൂട്ടി കഴിക്കാം.
Content Summary : Mutta vada, Traditional teatime snack recipe by Nimmy Thrissur