അപ്പത്തിനുള്ള തേങ്ങാ ചമ്മന്തി, മിക്സിയിൽ അരയ്ക്കാതെ തയാറാക്കാം
Mail This Article
ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വിഭവങ്ങൾക്കും ഓരോ രീതിയിലാണ് ചമ്മന്തി തയാറാക്കാറുള്ളത്. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് അപ്പത്തിനുള്ള ചമ്മന്തി തയാറാക്കുന്നത്. അരകല്ല് അല്ലെങ്കിൽ മിക്സി ഇല്ലാതെ തന്നെ ഈ ചമ്മന്തി രുചികരമായി തയാറാക്കാം.
ചേരുവകൾ
- തേങ്ങ ചിരകിയത് - ഒന്നര കപ്പ്
- മുളകുപൊടി - ഒരു ടീസ്പൂൺ
- ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- വറ്റൽ മുളക് - 3
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവന്നുള്ളി അരിഞ്ഞതിൽ നിന്നും ഒരു ടേബിൾ സ്പൂൺ താളിക്കാനായി മാറ്റിവയ്ക്കുക.
ബാക്കിയുള്ള ചുവന്നുള്ളി, തേങ്ങ ചിരകിയത്, മുളകുപൊടി, ഉപ്പ് എന്നിവ കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്നുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ തയാറാക്കിയ ചമ്മന്തി ചേർത്തു യോജിപ്പിക്കുക.
അടച്ചു വച്ച് ചെറിയ തീയിൽ 3 മിനിറ്റ് വേവിക്കുക.
രുചികരമായ ചമ്മന്തി തയാർ.
Content Summary : Coconut chutney recipe by Ganga.