അശോക ഹൽവ, നാവിൽ അലിഞ്ഞു ചേരുന്ന രുചിവിസ്മയം
Mail This Article
തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണമായ തിരുവൈയാറിലെ ഒരു പരമ്പരാഗത വിഭവമാണ് അശോക ഹൽവ. നാവിൽ അലിഞ്ഞു ചേരുന്ന അതീവ രുചികരമായ ഈ ഹൽവ തയ്യാറാക്കുന്നത് ചെറുപയർ പരിപ്പ് ഉപയോഗിച്ചാണ്.
ചേരുവകൾ
- ചെറുപയർ പരിപ്പ് - ഒരു കപ്പ്
- ഗോതമ്പു പൊടി - 2 ടേബിൾ സ്പൂൺ
- പഞ്ചസാര - ഒന്നേമുക്കാൽ കപ്പ്
- ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
- നെയ്യ് - ഒന്നേകാൽ കപ്പ്
- അണ്ടിപ്പരിപ്പ് - അര കപ്പ്
- കുങ്കുമപ്പൂവ്/ഫുഡ് കളർ - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
കുങ്കുമപ്പൂവ് ചെറുതായി ഒന്ന് ചൂടാക്കിയതിനുശേഷം കൈകൊണ്ടു പൊടിച്ച് അല്പം ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക. കുങ്കുമപ്പൂവിന് പകരം മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ഫുഡ് കളർ ഉപയോഗിക്കാം.
ചെറുപയർ പരിപ്പ്, രണ്ടു കപ്പ് വെള്ളം എന്നിവ ചേർത്തു 4 വിസിൽ വരുന്നതുവരെ പ്രഷർകുക്കറിൽ വേവിക്കുക.
ചൂടാറി കഴിയുമ്പോൾ മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരക്കപ്പ് നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് വറുത്ത് കോരുക.
തീ ചെറുതാക്കിയ ശേഷം ഇതേ നെയ്യിൽ ഗോതമ്പു പൊടി ഇട്ട് ഇളക്കുക. ഗോതമ്പുപൊടി മൂത്ത് നല്ല മണം വരുമ്പോൾ അരച്ചു വച്ച ചെറുപയർ പരിപ്പ് ചേർത്തു യോജിപ്പിക്കുക.
ഇടത്തരം തീയിൽ തുടരെ ഇളക്കുക. കട്ടിയാവാൻ തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തു യോജിപ്പിക്കുക.
15 മിനിറ്റു കഴിയുമ്പോൾ ഫുഡ് കളറും ഏലയ്ക്കാപ്പൊടിയും ചേർക്കുക. നിറം എല്ലാ ഭാഗത്തും ഒരേ പോലെ ആയി വശങ്ങളിൽ നിന്നും വിട്ടു തുടങ്ങുമ്പോൾ ബാക്കിയുള്ള മുക്കാൽ കപ്പ് നെയ്യ് മൂന്നു തവണയായി ചേർത്തു കൊടുക്കുക.
ഓരോ തവണ നെയ്യ് ചേർക്കുമ്പോഴും ഹൽവയ്ക്ക് ഉള്ളിലേക്ക് പിടിക്കും. അപ്പോൾ വീണ്ടും ചേർത്തുകൊടുക്കണം.
കുറച്ചുസമയം കൂടി ഇളക്കി കഴിയുമ്പോൾ ചേർത്തു കൊടുത്ത നെയ്യ് ഹൽവയിൽ നിന്നും പുറത്തേക്ക് വരാൻ തുടങ്ങും. ഈ സമയം തീ ഓഫ് ചെയ്യാം. (ഹൽവ തയാറായി വരാൻ ഏകദേശം 45 മിനിറ്റ് എടുക്കും)
നെയ്മയം പുരട്ടിയ ഒരു പാത്രത്തിൽ നിരത്തിയതിനുശേഷം വേറൊരു പാത്രത്തിലേക്ക് മറിച്ചിടാം.
സാധാരണ ഹൽവ കഴിക്കുന്നതുപോലെ മുറിച്ചെടുത്തല്ല ഈ ഹൽവ കഴിക്കുന്നത്. ചെറുചൂടോടെ സ്പൂണിൽ എടുത്താണ് കഴിക്കുന്നത്. ഏറെ ദിവസം കേടാവാതെ ഇരിക്കുകയും ചെയ്യും.
Content Summary : Ashoka Halwa is south indian version of moong dal halwa.