ഇരട്ടി ചോറ് കഴിക്കാൻ തകർപ്പൻ പുളിഞ്ചിക്കറി
Mail This Article
ഊണിന്റെ രുചി കൂട്ടാൻ ഇതാ എളുപ്പം പാകം ചെയ്യാവുന്ന ഒരു പുളിയിഞ്ചി രുചിക്കൂട്ട്.
ചേരുവകൾ:
- കുരു കളഞ്ഞ പുളി - 1 /4 കിലോഗ്രാം
- ഇഞ്ചി - 50 ഗ്രാം
- പച്ചമുളക് - 100 ഗ്രാം
- ശർക്കര - 250 ഗ്രാം
- ഉപ്പ് - ഒന്നര ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി - അര ടേബിൾ സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- വറവ് ഇടാൻ - വെളിച്ചെണ്ണ , കടുക് , വറ്റൽ മുളക്
തയാറാക്കുന്ന വിധം:
പുളി കുതിരാൻ 4 ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. സാധാരണ കൽച്ചട്ടിയിൽ ആണ് പുളിഞ്ചി ഉണ്ടാകാറുള്ളത്. കട്ടിയുള്ള മറ്റേതു പാത്രത്തിലും ഉണ്ടാക്കാവുന്നതാണ്. കൽച്ചട്ടി സ്റ്റൗവിൽ വച്ചു ചൂടായി കഴിഞ്ഞാൽ അതിലേക്കു പുളി പിഴിഞ്ഞ് ഒഴിക്കുക.
ഇതിലേക്ക് അരിഞ്ഞു വച്ച പച്ച മുളകും ഇഞ്ചിയും ചേർത്തു നന്നായി ഇളക്കുക. മഞ്ഞൾ പൊടി ചേർക്കുക. തിളച്ചു തുടങ്ങിയാൽ ഇതിലേക്കു ശർക്കര ചേർക്കാം. ഇത് കുറുകാൻ തുടങ്ങിയാൽ ഉപ്പ് ചേർക്കാം. കുറച്ചു കറിവേപ്പില ഈ ഘട്ടത്തിൽ ചേർക്കാം. ഇനി കുറേ നേരം ഇത് കുറുക്കണം. കൽച്ചട്ടി ആയാൽ സ്റ്റവ് ഓഫ് ആക്കിയാലും ചൂട് നിലനിൽക്കും. അത് കണക്കാക്കി കുറുക്കുക.
ഇനി വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തതു പുളിഞ്ചിയിലേക്കു ചേർക്കാം. സ്വാദിന് വേണ്ടി രണ്ടു ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് ഇളക്കാം. മധുരവും പുളിയും എരിവും ഒരു പോലെ സമന്വയിക്കുന്ന വേറൊരു വിഭവം ഇല്ല.
Content Summary : Puli inchi curry, recipe by Dhanya Manoj.