റവയും പാൽപ്പാടയും കൊണ്ട് അസാധ്യ രുചിയിൽ ഗുലാബ് ജാമുൻ
Mail This Article
ഗുലാബ് ജാമുൻ എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഗുലാബ് ജാമുൻ. ഖോയ അല്ലെങ്കിൽ പാൽപ്പൊടി ഉപയോഗിച്ചാണ് സാധാരണയായി ഗുലാബ് ജാമുൻ ഉണ്ടാക്കാറുള്ളത്. എന്നാൽ സാധാരണത്തേതിൽ നിന്നു വ്യത്യസ്തമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഗുലാബ് ജാമുൻ വീട്ടിൽ എളുപ്പത്തിൽ തയാറാക്കി എടുക്കാം.
ചേരുവകൾ:
- റവ - 1 കപ്പ്
- നെയ്യ് - 2 ടേബിൾസ്പൂൺ
- പാൽ - 3 കപ്പ്
- പൊടിച്ച പഞ്ചസാര - 2 ടേബിൾസ്പൂൺ
- ഓറഞ്ച് ഫുഡ് കളർ - ഒരു തുള്ളി
- ഉപ്പ് - രണ്ടു നുള്ള്
- പാൽപ്പാട - ½ കപ്പ്
- ബേക്കിങ് സോഡ - രണ്ടു നുള്ള്
പഞ്ചസാര ലായനിയിലേക്ക്:
- പഞ്ചസാര - 2 കപ്പ്
- വെള്ളം - 2 കപ്പ്
- ഏലക്കായ ചതച്ചത് - 4 എണ്ണം
- ഓറഞ്ച് ഫുഡ് കളർ - രണ്ടു തുള്ളി
- നാരങ്ങാ നീര് - ¼ ടീസ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മിക്സിയുടെ ജാറിൽ ഇട്ട് റവ പൊടിച്ചെടുക്കണം ശേഷം ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി റവ രണ്ടുമിനിറ്റു വറുത്തെടുക്കണം. അതിനുശേഷം ചെറുതായി ചൂടാറാൻ മാറ്റിവയ്ക്കാം.
ഇനി ഇതിലേക്കു തിളപ്പിച്ച് ചൂടാറിയ പാൽ ഒഴിച്ച് ഇളക്കിയ ശേഷം പൊടിച്ച പഞ്ചസാര, ഓറഞ്ച് ഫുഡ് കളർ, ഉപ്പ് എന്നിവ ചേർത്തു കൊടുത്തു നന്നായി ഇളക്കി എടുക്കാം. ഇനി ഇത് ഇടത്തരം തീയിൽ വച്ച് പാൽ വറ്റി മിശ്രിതം കട്ടിയാകുന്നതു വരെ ഇളക്കി കൊടുക്കണം. ഇത് ഒരു പാത്രത്തിലേക്കു മാറ്റി ചെറുതായി ചൂടാറാൻ വയ്ക്കാം.
(തിളപ്പിച്ച പാൽ ചൂടാറിയ ശേഷം ഫ്രിജിൽ വച്ച് അടുത്തദിവസം പുറത്തെടുത്ത് മുകളിൽ പൊന്തി നിൽക്കുന്ന പാൽപ്പാട മാത്രം എടുത്ത് ഒരു പാത്രത്തിലിട്ട് അടച്ച് ഫ്രിജിൽ തന്നെ സൂക്ഷിക്കുക. ഇങ്ങനെ രണ്ടുമൂന്നു ദിവസം ചെയ്യുക. ഗുലാബ് ജാമുൻ ഉണ്ടാക്കുന്ന ദിവസം ഒരു മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ നിന്ന് പാത്രം പുറത്തേക്ക് എടുത്തു വയ്ക്കുക) അരക്കപ്പ് പാൽപ്പാട അളന്നെടുത്തു അതിലേക്ക് ബേക്കിങ് സോഡ ചേർത്തു നന്നായി ഇളക്കി എടുക്കണം.
ഇതു നേരത്തെ തയാറാക്കി ചൂടാറാൻ മാറ്റിവച്ച റവയുടെ മാവിലേക്ക് ഇട്ട് കുഴച്ചെടുക്കണം (കുഴയ്ക്കുമ്പോൾ അധികം ബലം കൊടുത്തു കുഴയ്ക്കേണ്ടതില്ല, വിരലുകൾ കൊണ്ട് മാത്രം എല്ലാം കൂടി നന്നായി യോജിക്കുന്നത് വരെ കുഴച്ചു കൊടുത്താൽ മതി). അതിനുശേഷം 10 മിനിറ്റ് മൂടിവയ്ക്കാം.
ഇനി മറ്റൊരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഇടത്തരം തീയിൽ പഞ്ചസാര അലിയുന്നതു വരെ തിളപ്പിച്ചെടുക്കുക. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ 2 മിനിറ്റ് നേരം കൂടി തിളപ്പിച്ചശേഷം ഏലക്കായ ചതച്ചത്, ഫുഡ് കളർ, നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. ഇനി മാവിൽ നിന്നും കുറേശ്ശെ എടുത്ത്, വിള്ളലുകൾ ഒന്നുമില്ലാതെ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കാം. ഇനി ഓരോന്നും ചൂടായ എണ്ണയിലേക്ക് ഇട്ട് ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരാം. എന്നിട്ട് ഉടനെ തന്നെ ചൂടുള്ള പഞ്ചസാര ലായനിയിൽ 20 മിനിറ്റ് ഇട്ടു വയ്ക്കാം. റവയും പാൽപ്പാടയും കൊണ്ടുള്ള ഗുലാബ് ജാമുൻ തയാറായിക്കഴിഞ്ഞു.
Content Summary : How To Make Sooji Gulab Jamun Malayalam Recipe.