ADVERTISEMENT

വളരെ കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ളതും വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും പോഷകസമൃദ്ധവുമായ ഒരു പലഹാരമാണ് അരിയുണ്ട. വൈകുന്നേരം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണിത്. വളരെ രുചികരമായി അരിയുണ്ട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ

  • അരി(പുഴുങ്ങലരി) - 2 കപ്പ്
  • ശർക്കര - 250 ഗ്രാം
  • വെള്ളം - ¾ കപ്പ്
  • തേങ്ങാക്കൊത്ത് - 1½ കപ്പ്
  • ഏലക്കായ് പൊടി  - ½ ടീസ്പൂൺ
  • ചുക്കുപൊടി - ¼ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • നെയ്യ്  -  1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

  • കഴുകി വൃത്തിയാക്കി വെള്ളം വാർത്തെടുത്ത അരി ചുവടു കട്ടിയുള്ള പാത്രത്തിൽ ചുവക്കെ വറുത്തെടുക്കുക. അൽപമൊന്ന് ചൂടാറാനായി മാറ്റി വയ്ക്കാം.
  • ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ഉരുകി കഴിഞ്ഞാൽ തീ കുറച്ചുവെച്ച് ഒരു മിനിറ്റ് നേരം കൂടി തിളപ്പിക്കുക, ശേഷം ഇറക്കിവയ്ക്കാം.
  • വറുത്ത അരി മിക്സിയിലിട്ട് പുട്ടുപൊടിയുടെ പാകത്തിൽ പൊടിച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഇതിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
  • തേങ്ങാക്കൊത്ത് മിക്സിയിലിട്ട് ഒതുക്കി എടുക്കാം(നല്ലതുപോലെ അരയരുത്). ഇത് പൊടിയിലേക്ക് ഇട്ട് നന്നായി കൂട്ടി തിരുമ്മണം.
  • ഇതിലേക്ക് ശർക്കര പാനിയും നെയ്യും ഒഴിച്ച് നല്ലപോലെ ഇളക്കിയോജിപ്പിച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം മാറ്റിവച്ച പൊടിയിലിട്ട് ഉരുട്ടിയെടുക്കാം. 

Content Summary : Healthy Ariyunda (Sweet Rice and Coconut Balls) recipe by Nimmy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com