പഴുത്ത പപ്പായ കൊണ്ടു ഞൊടിയിടയിലൊരു പച്ചടി
Mail This Article
സദ്യയ്ക്കും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചടി. മധുരവും എരിവും പുളിയും എല്ലാം കൂടിച്ചേരുന്ന ഈ കറി സദ്യ വിഭവങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പച്ചടികൾ പലതരത്തിൽ ഉണ്ടാക്കാറുണ്ടെങ്കിലും പഴുത്ത പപ്പായ കൊണ്ടുള്ള പച്ചടിയുടെ രുചി ഒന്നു വേറെ തന്നെയാണ്.
ചേരുവകൾ
- പഴുത്ത പപ്പായ - 1 കപ്പ്
- തേങ്ങ ചിരകിയത് - 1 കപ്പ്
- തൈര്(അധികം പുളിയില്ലാത്തത്) - ½ കപ്പ്
- കാന്താരിമുളക് - 3 എണ്ണം
- ചുവന്നുള്ളി - 4 എണ്ണം
- കടുക് - ¼ + ¼ ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ½ കപ്പ്
- പച്ചമുളക് - 1
- വറ്റൽ മുളക് - 3 എണ്ണം
- കറിവേപ്പില - 3 തണ്ട്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
അധികം പഴുക്കാത്ത പപ്പായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു മാറ്റി വയ്ക്കുക. ചിരകിയ തേങ്ങ, തൈര്, കാന്താരിമുളക്, ചുവന്നുള്ളി, കടുക് എന്നിവ ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കിയശേഷം കടുക് ഇട്ട് പൊട്ടിക്കുക, കടുക് പൊട്ടി കഴിഞ്ഞാൽ വറ്റൽമുളക്, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്തു വഴറ്റി കൊടുക്കാം.
ഇനി അരച്ചുവച്ച തേങ്ങാക്കൂട്ടും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു തിളപ്പിച്ചെടുക്കുക (ഇത് വളരെ നേരം തിളപ്പിക്കേണ്ട ആവശ്യമില്ല, ആദ്യത്തെ തിള വരുമ്പോൾ തന്നെ തീ ഓഫ് ചെയ്യാം). ഇനി അരിഞ്ഞുവച്ചിരിക്കുന്ന പപ്പായ കഷ്ണങ്ങൾ കൂടി ചേർത്തു കൊടുത്തു ഇളക്കി എടുക്കാം.
Content Summary : Pappaya pachadi recipe by Nimmy.