വൈകുന്നേരത്തെ ചായയ്ക്ക് നല്ല രുചിയിലൊരുക്കാം അരി മുറുക്ക്
Mail This Article
വറുത്ത അരിപ്പൊടി കൊണ്ടു കറുമുറാ മുറുക്ക്. ഇന്ന് വൈകുന്നേരത്തെ ചായയ്ക്ക് ഇത്ര രുചിയിൽ ഒരു മുറുക്ക് ആയാലോ. ഈ രീതിയിൽ തയാറാക്കുന്ന മുറുക്കിൽ കടലമാവും ഉഴുന്നും ചേർക്കേണ്ടതില്ല.
ചേരുവകൾ
•വറുത്ത അരിപ്പൊടി - 3 കപ്പ്
•പൊട്ടുകടല പൊടിച്ചത് - 1 കപ്പ്
•വെണ്ണ - 1 ടേബിൾസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്
•തിളച്ച വെള്ളം - രണ്ടേകാൽ കപ്പ്
•മുളകുപൊടി - 1 ടീസ്പൂൺ
•കറുത്ത എള്ള് - 1 ടീസ്പൂൺ
•എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ഒരു ഫ്രൈയിങ് പാനിൽ അരിപ്പൊടിയും പൊട്ടുകടലപ്പൊടിയും മുളകുപൊടിയും കറുത്ത എള്ളും ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു വെണ്ണയും കൂടി ചേർത്തു പുട്ടിന് നനയ്ക്കുന്ന പോലെ നനച്ചെടുക്കുക.
•ശേഷം തിളച്ച വെള്ളം കുറേശ്ശേ ഒഴിച്ച് ഒരു വലിയ സ്പൂൺ ഉപയോഗിച്ചു കുഴയ്ക്കുക. കുറച്ചു ചൂടാറുമ്പോൾ കൈ വച്ച് നന്നായി കുഴച്ചെടുക്കുക.
•ചെറിയ ചൂടിൽ ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ചൂടായ എണ്ണയിലേക്കു പിഴിഞ്ഞ് മുറുക്ക് ഉണ്ടാക്കാം. ചൂടോടെ കഴിക്കാം.
Content Summary : Rice snack recipe by Deepthi.