നല്ല കുറുകിയ കടലക്കറി, ഒന്നാന്തരം രുചിയിൽ
Mail This Article
ഹോട്ടലിൽ കിട്ടുന്ന കടലക്കറിക്കു പ്രത്യേക രുചിയാണ്, ഈ രുചി പലപ്പോഴും വീട്ടിൽ തയാറാക്കുന്ന കറിക്ക് കിട്ടാറില്ല എന്നു പരാതിയുണ്ടോ? വളരെ എളുപ്പത്തിൽ ഈ രുചിക്കൂട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- കടല - 1/2 കിലോഗ്രാം (8 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
- എണ്ണ - 4 സ്പൂൺ
- കടുക് - 1സ്പൂൺ
- കറിവേപ്പില - 1 തണ്ട്
- ഇഞ്ചി - 3 സ്പൂൺ ചതച്ചത്
- വെളുത്തുള്ളി - 10 അല്ലി തോലോടെ ചതച്ചത്
- കാശ്മീരി മുളകുപൊടി - ആവശ്യത്തിന്
- സവാള - 3 എണ്ണം
- പഞ്ചസാര -1 സ്പൂൺ
- തക്കാളി - 2 എണ്ണം
- മുളകുപൊടി - 2 സ്പൂൺ
- മഞ്ഞൾപ്പൊടി - 1 സ്പൂൺ
- ഗരം മസാല - 1 സ്പൂൺ
- മല്ലിപ്പൊടി - 1 സ്പൂൺ
- ഉപ്പ് - 2 സ്പൂൺ
- പച്ചമുളക് - 2 എണ്ണം
- മല്ലിയില - 3 സ്പൂൺ അരിഞ്ഞത്
തയാറാക്കുന്ന വിധം
കടല പ്രഷർ കുക്കറിൽ നന്നായി വേവിച്ച് എടുക്കുക.
അതിനുശേഷം ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത്, കടുക്, ചുവന്ന മുളക്, കറിവേപ്പില, ചതച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വറുത്തെടുക്കുക.
ശേഷം അതിലേക്കു സവാളയും തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായിട്ട് ഇതൊന്നു വഴറ്റിയെടുക്കുക. വഴറ്റിയെടുക്കുന്ന സമയത്ത് ചൂടായ എണ്ണയിൽ മഞ്ഞൾപ്പൊടിയും കാശ്മീരി ചില്ലിയും ചേർത്തു വഴറ്റിയെടുക്കുക. ശേഷം ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റിയെടുക്കുക.
അതിൽനിന്നും കാൽഭാഗം എടുത്ത് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുത്ത് ഇതിലേക്കു ചേർത്തു കൊടുക്കാം. ഇങ്ങനെ ചേർക്കുമ്പോഴാണ് കടലക്കറി കൂടുതൽ കട്ടിയുള്ളതാകുന്നത്. വീണ്ടും ഇത് വഴറ്റി എണ്ണ തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുത്തു വീണ്ടും വഴറ്റി എടുക്കാം.
അതിനുശേഷം അതിലേക്കു വേവിച്ചു വച്ചിട്ടുള്ള കടലയും കുറച്ചു വെള്ളവും ഒഴിച്ച് ഇത് നന്നായി തിളയ്ക്കാനായി അടച്ചു വയ്ക്കുക. എല്ലാം തിളച്ച് കുറുകി നല്ല പാകത്തിനായി വരുമ്പോൾ അതിലേക്കു മല്ലിയില കൂടി വിതറി കൊടുക്കാം. പഞ്ചസാരയും സവാള അരച്ചെടുക്കുന്നതും ചേർക്കുന്നതാണിതിന്റെ രുചി രഹസ്യം.
Content Summary : Tasty kadala curry recipe by Asha.