കോവയ്ക്ക മെഴുക്കുപുരട്ടി, രുചികരമായി തയാറാക്കാം
Mail This Article
കോവയ്ക്ക വച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി എന്നിവ അതിൽ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുട്ടികൾ കൂടുതലും പച്ചയായി കഴിക്കാൻ താൽപര്യം കാണിക്കുന്നതായും കാണാം. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്. ദിവസവും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാൻ കഴിയും. വളരെ എളുപ്പത്തിൽ ആർക്കും തയാറാക്കാവുന്ന സൂപ്പർ ടേസ്റ്റി മെഴുക്കുപുരട്ടി രുചി ഇതാ...
ചേരുവകൾ
- കോവയ്ക്ക - 250 ഗ്രാം
- മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കോവയ്ക്ക നീളത്തിൽ അധികം കനമില്ലാതെ മുറിച്ചെടുക്കുക.
- കോവയ്ക്കയിലേക്കു മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്തു കൊടുക്കുക.
- നന്നായി മാരിനേറ്റ് ചെയ്തു 10 മിനിറ്റ് അടച്ചു വയ്ക്കുക.
- 10 മിനിറ്റിനു ശേഷം ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കോവയ്ക്ക ഇട്ട് ഇളക്കി ചെറു തീയിൽ വേവിക്കുക.
- വെന്തു വരുമ്പോൾ തുറന്നു വച്ചു ചെറു തീയിൽ ഫ്രൈയാക്കി എടുക്കുക.
- രുചികരമായ കോവയ്ക്ക മെഴുക്കുപുരട്ടി തയാർ.
Content Summary : Kovakka mezhukkupuratti recipe by Prabha.