രുചിയിൽ കേമൻ ഈ നേന്ത്രപ്പഴം മടക്ക്
Mail This Article
ഞൊടിയിടയിൽ ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം. പഴുത്തു കറുത്തു പോയ പഴവും 1 കപ്പ് ഗോതമ്പു പൊടിയും ഉണ്ടെങ്കിൽ നേന്ത്രപ്പഴം മടക്ക് റെഡി.
ചേരുവകൾ
•നേന്ത്രപ്പഴം - 2
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
•ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
•നെയ്യ് - 4 ടേബിൾസ്പൂൺ
•പഞ്ചസാര - 4 ടേബിൾസ്പൂൺ
•തേങ്ങ ചിരവിയത് - 1 കപ്പ്
•ഗോതമ്പു പൊടി - 1 കപ്പ്
•മുട്ട - 3
•ഏലക്കാപ്പൊടി - 2 ടീസ്പൂൺ
•ഉപ്പ് - 1/4 ടീസ്പൂൺ
•പാൽ - 1/4 കപ്പ്
•വെള്ളം - 1/4 കപ്പ്
തയാറാക്കുന്ന വിധം
•ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഫ്രൈ ചെയ്തു മാറ്റുക. ശേഷം ഇതിലേക്കു നേന്ത്രപ്പഴം ചേർത്തു വഴറ്റുക. ഇനി 1 കപ്പ് തേങ്ങയും 2 ടേബിൾസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഏലക്കാപ്പൊടിയും കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ഫ്രൈ ചെയ്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൂടി ഇതിലേക്ക് ഇട്ട് ഒന്ന് ഇളക്കിയെടുക്കുക.
•ഇനി ഒരു പാത്രത്തിൽ 1 കപ്പു ഗോതമ്പു പൊടിയും 1 മുട്ടയും 1 ടേബിൾസ്പൂൺ പഞ്ചസാരയും 1/4 ടീസ്പൂൺ ഉപ്പും കാൽ കപ്പ് പാലും ആവശ്യത്തിനു വെള്ളവും ചേർത്തു ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇത് ചൂടായ ദോശക്കല്ലിൽ ഒഴിച്ചു ചുട്ടെടുക്കുക.
•ഇനി പഴം ഫില്ലിങ് ഇതിലേക്കു വച്ച് ബോക്സ് പോലെ മടക്കി എടുക്കാം.
•മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഏലക്കാപൊടിയും ചേർത്തു നന്നായി അടിച്ചെടുക്കുക. ഇനി മടക്കി വച്ച പലഹാരം ഇതിൽ മുക്കി നെയ്യ് തടവിയ പാനിൽ തിരിച്ചും മറിച്ചും ഇട്ട് കൊടുക്കാം. സ്വാദിഷ്ടമായ നേന്ത്രപ്പഴം മടക്ക് റെഡി.
Content Summary : Here is the pretty simple recipe of a banana wheat snack.