ക്രിസ്പി ചിക്കൻ സമോസ ഇനി വീട്ടിൽ ഉണ്ടാക്കാം
Mail This Article
സമോസ ഷീറ്റുകൾ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നും ഈ ഷീറ്റുകൾ ഉപയോഗിച്ച് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ മികച്ച രുചിയിൽ ചിക്കൻ സമോസ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്നും നോക്കാം.
ചേരുവകൾ:
- മൈദ - 2 കപ്പ്
- ഓയിൽ - 1 ½ ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
ഫില്ലിങ്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- ചതച്ച ഇഞ്ചി-വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
- സവാള അരിഞ്ഞത് - 2 എണ്ണം
- തക്കാളി അരിഞ്ഞത് - ഒരെണ്ണം
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- ഗരംമസാലപ്പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - ½ ടീസ്പൂൺ
- ചിക്കൻ മസാല - 1 ടീസ്പൂൺ
- ചിക്കൻ (ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, വിനാഗിരി എന്നിവ ചേർത്തു വേവിച്ചു ചെറുതായി കൊത്തിയരിഞ്ഞത്) - 1 കപ്പ്
തയാറാക്കുന്ന വിധം
സമോസ ഷീറ്റ് ഉണ്ടാക്കാൻ, ആദ്യം ഒരു പാത്രത്തിൽ മൈദ ചേർക്കുക.
ഇതിലേക്ക് ഓയിൽ ചേർത്തു കൈകൊണ്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഉപ്പുവെള്ളം (ഏകദേശം ½ മുതൽ ¾ കപ്പ് വെള്ളം) ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക.
ഇനി ഇത് മൂടി അരമണിക്കൂർ നേരം വയ്ക്കുക.
അരമണിക്കൂറിനു ശേഷം ഈ മാവ് ഇടത്തരം വലിപ്പമുള്ള ഉരുളകളാക്കിയ ശേഷം ചെറുതായി പരത്തി എടുക്കാം (ഇപ്പോൾ വലുതായി പരത്തുകയോ കനം കുറയ്ക്കുകയോ ചെയ്യേണ്ടതില്ല).
ഇങ്ങനെ പരത്തിയ മാവ് ഒരു പാത്രത്തിലോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു പ്രതലത്തിലോ വച്ചശേഷം മീതെ കുറച്ച് എണ്ണ തടവി കുറച്ച് മൈദ കൂടി വിതറി കൊടുക്കാം. 3 ഉരുളകൾ കൂടി ഇതുപോലെ പരത്തി ഒന്നിനു മീതെ മറ്റൊന്നായി വച്ച് എണ്ണ തടവി മൈദാപ്പൊടി വിതറി എടുക്കാം. ഇങ്ങനെ നാലെണ്ണം വീതമുള്ള ബാച്ചുകൾ ആയി പരത്തി എടുക്കാം. ഏറ്റവും മുകളിൽ വച്ചതിൽ എണ്ണ തേയ്ക്കേണ്ടതില്ല, കുറച്ചു മൈദ മാത്രം വിതറിയാൽ മതി. ഇനി ഓരോ ബാച്ചും കനം കുറച്ചു വലുതായി പരത്തി എടുക്കാം (വളരെ കനം കുറയ്ക്കേണ്ടതില്ല)
ഇനി പരത്തിയ ഷീറ്റുകൾ ഒരു ചൂടുള്ള തവയിൽ വച്ച് ഓരോ വശവും തിരിച്ചും മറിച്ചും ഇട്ടു കുറച്ചുനേരം ചൂടാക്കുക (മുഴുവനായി വേവിക്കേണ്ടതില്ല, ചൂടായാൽ മാത്രം മതി. ഉള്ളിലുള്ള ഷീറ്റുകളിലും ചൂട് എത്താൻ ശ്രദ്ധിക്കുക).
ചായയ്ക്കൊപ്പം ബിസ്ക്കറ്റ് വേണ്ട സമോസ മതി, യുകെയിലെ ജനപ്രിയ പലഹാരം...
ഇനി ഷീറ്റുകളുടെ ചൂടാറിയശേഷം അരികുകൾ മുറിച്ചു മാറ്റാം. (ഈ കഷണങ്ങൾ പിന്നീട് ചെറിയ കഷ്ണങ്ങളാക്കി വറുത്ത് നമുക്ക് ഉപയോഗിക്കാം) അതിനുശേഷം ഷീറ്റുകൾ നടുവെ മുറിച്ച് രണ്ട് ഭാഗങ്ങൾ ആക്കാം. ഇനി പാളികൾ കീറി പോകാതെ ശ്രദ്ധാപൂർവ്വം വേർതിരിക്കുക. ഇപ്പോൾ സമോസ ഷീറ്റുകൾ തയാറായി കഴിഞ്ഞു.
ഇനി സമോസയ്ക്കുള്ള ഫില്ലിങ് ഉണ്ടാക്കാൻ, ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്, ചതച്ച ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റിയശേഷം സവാള അരിഞ്ഞതു കൂടി ചേർത്തു നന്നായി വഴറ്റുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. തക്കാളി അരിഞ്ഞതു കൂടി ചേർത്തു നന്നായി വഴറ്റിയശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാല എന്നിവ ചേർക്കുക. ഇനി ഇവയുടെ പച്ചമണം പോകുന്നതു വരെ വഴറ്റുക. അതിനുശേഷം ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, വിനാഗിരി എന്നിവ ചേർത്തു വേവിച്ച ചിക്കൻ ചേർത്തു കൊടുത്തു വെള്ളമെല്ലാം വലിയുന്നതു വരെ വഴറ്റിയെടുക്കുക.
സമോസ ഷീറ്റ് ഒട്ടിക്കാൻ, കുറച്ച് മൈദ എടുത്ത് അല്പം വെള്ളം ഒഴിച്ച് ഇളക്കിയെടുത്തു മാറ്റി വയ്ക്കാം.
ഇനി സമോസ ഉണ്ടാക്കിയെടുക്കാൻ ഷീറ്റ് ഒരു മൂലയിൽ നിന്ന് മടക്കി രണ്ട് അരികുകളിൽ മൈദ കൊണ്ടുണ്ടാക്കിയ പശ കുറേശ്ശെ തേച്ച് ഒരു കോൺ പോലെ മടക്കി പിടിക്കുക. ഇതിലേക്കു ഫില്ലിങ് ഇട്ട് മടക്കി അരികുകൾ നന്നായി ഒട്ടിക്കുക. ഇനി ചൂടായ എണ്ണയിൽ സമോസ ഇട്ടു വറുത്തെടുക്കുക. ഇടത്തരം തീയിൽ ഇരുവശവും പലതവണ മറിച്ചിട്ട് വറക്കുക. ക്രിസ്പി ചിക്കൻ സമോസകൾ തയ്യാറായികഴിഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• മാവ് പരത്തുമ്പോൾ ഒരുപാട് കട്ടിയിലും കനം കുറച്ചും പരത്താതിരിക്കുക.
• പരത്തിയ ഷീറ്റ് ചൂടായ തവയിലിട്ട് അധികനേരം വേവിക്കരുത്. ഒന്ന് ചൂടാകുകയേ വേണ്ടു.
• ഷീറ്റുകൾ ഡ്രൈ ആകാതെ സൂക്ഷിക്കണം, അല്ല എന്നുണ്ടെങ്കിൽ സമോസ ഉണ്ടാക്കാൻ നേരം പൊട്ടി പോകാൻ സാധ്യത ഉണ്ട്.
• ഉണ്ടാക്കിയ ഷീറ്റുകൾ എയർ കടക്കാത്ത ഒരു സിപ് ലോക്ക് കവറിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും, ആവശ്യത്തിനെടുത്തു ഉപയോഗിക്കാം.
• ഫ്രിജിൽ നിന്ന് ഷീറ്റുകൾ എടുത്ത് അപ്പോൾത്തന്നെ ഫ്രൈ ചെയ്യാതിരിക്കുക. തണുപ്പ് വിട്ടതിനു ശേഷം മാത്രം ഉപയോഗിക്കുക.
Content Summary : Samosa is an iconic Indian snack that is usually made with delicious fillings.