ADVERTISEMENT

ഊണിനു കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാവുന്ന കറി, വെണ്ടയ്ക്ക വറുത്തെടുത്തു തയാറാക്കുന്നതു കൊണ്ടു തന്നെ അതീവ രുചികരമാണ്.

ചേരുവകൾ

  • വെണ്ടയ്ക്ക - 6 എണ്ണം (ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം)
  • കടുക് - 1/2 ടീസ്പൂൺ
  • ചുവന്ന മുളകു മൊത്തമായി - 3
  • കറിവേപ്പില 
  • ഉലുവ പൊടിച്ചത് - 1/4 ടീസ്പൂൺ
  • കായം - 1/3 ടീസ്പൂൺ 
  • ജീരകപ്പൊടി - 1/4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മുളകുപൊടി - 1/4 ടീസ്പൂൺ 
  • ഇഞ്ചി - 1/2 ഇഞ്ച് കഷണം 
  • തക്കാളി - 1/4 ഇടത്തരം വലിപ്പം 
  • വെളുത്തുള്ളി - 3 വലിയ അല്ലി അല്ലെങ്കിൽ 6 ചെറിയ അല്ലി 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ + 1 ടീസ്പൂൺ
  • തൈര് - 1 കപ്പ് 
  • വെള്ളം - 1/2 കപ്പ് 
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

തൈരിൽ വെള്ളം ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. ഒരു കടായി ചൂടാക്കി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് അതിന്റെ നൂൽ മാറുന്നതുവരെ വഴറ്റുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റുക.

ഫ്രൈയിങ് പാനിലേക്കു 1 ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. ചൂടുള്ള എണ്ണയിൽ കടുക് ചേർക്കുക. കടുക് പൊട്ടിയ ശേഷം ചുവന്ന മുളകും കറിവേപ്പിലയും ചേർക്കുക. ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു 30 സെക്കൻഡ് വഴറ്റുക.

ജീരകപ്പൊടി, ഉലുവാപ്പൊടി, കായം, ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു പച്ച മണം മാറുന്നതുവരെ വഴറ്റുക. ഫ്രൈയിങ് പാനിലേക്കു വേവിച്ച വെണ്ടയ്ക്ക ചേർത്തു യോജിപ്പിക്കുക. അരിഞ്ഞ തക്കാളി ചേർത്തു യോജിപ്പിക്കുക. വഴറ്റേണ്ട ആവശ്യമില്ല. ഉപ്പു ചേർത്തു നന്നായി ഇളക്കുക. തൈരു ചേർത്തു നന്നായി യോജിപ്പിക്കുക. തിളപ്പിക്കേണ്ട ആവശ്യമില്ല. തൈര് ചൂടായിക്കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. പിരിയുന്നത് ഒഴിവാക്കാൻ തുടർച്ചയായി ഇളക്കുക. രുചികരമായ വെണ്ടക്ക തൈരു കറി റെഡി.

Content Summary : A tasty dish made with Ladyfinger, yoghurt, and green chillie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com