ഇൗസ്റ്റർ പ്രാതലിനു വേണ്ടേ സ്പെഷൽ അപ്പം
Mail This Article
ജീരകത്തിന്റെയും ചെറുഉള്ളിയുടെയും രുചി തെളിഞ്ഞുനിൽക്കുന്ന അപ്പം (Easter Special Appam) ചെറുചൂടോടെ സ്റ്റ്യൂവിന്റെ കൂടെ കഴിച്ചിട്ടുണ്ടോ? ഇൗസ്റ്റർ വിരുന്നിന് തുടക്കമിടാൻ വീട്ടിൽ തയാറാക്കാം തലമുറകളായി കൈമാറിയ രുചിക്കൂട്ട്. തീൻമേശകളിൽ നിറയട്ടെ പഴമയുടെ തനതു സ്വാദ്.
ചേരുവകൾ
പച്ചരി - 2 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
അവൽ - അര കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
വെളുത്തുള്ളി - 1 അല്ലി (വലിയ അല്ലി )
ജീരകം - അര ടീസ്പൂൺ
യീസ്റ്റ് - അര ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അപ്പത്തിനുള്ള മാവ്
പച്ചരി കഴുകി നാലു മണിക്കൂർ കുതിർത്ത് എടുക്കുക. അവലും കഴുകി പത്ത് മിനിറ്റ് കുതിർത്ത് എടുക്കുക. കുതിർത്ത പച്ചരി, നാളികേരം ചിരകിയത്, അവൽ കുതിർത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി ,ജീരകം, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒരു മിക്സി ജാറിൽ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിൽ ഒഴിച്ച് ഒന്നു കൂടി ഇളക്കിയ ശേഷം മൂടിവച്ച് അഞ്ച് മണിക്കൂർ വയ്ക്കുക. അപ്പത്തിന്റെ മാവ് തയാർ.
അപ്പം ചുട്ടെടുക്കുന്ന വിധം
പാൻ ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അധികം പരത്തേണ്ട. മാവ് ഒഴിച്ച ശേഷം തീ കൂട്ടി വയ്ക്കണം. മാവു പാകത്തിന് ചൂടാവുമ്പോൾ അപ്പത്തിൽ ചെറിയ ദ്വാരങ്ങൾ വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം ഒന്നു മൂടി വച്ച് വേവിച്ചെടുക്കുക. ഈസ്റ്റർ സ്പെഷൽ അപ്പം ചൂടോടെ വിളമ്പാം.
വിഡിയോ കാണാം
Content Summary : Easter Special Appam Recipe by Bincy Lenin