ഒരുവട്ടം രുചിച്ചാൽ ഇഷ്ട മെനുവിൽ ഇടം നേടും കോളിഫ്ലവർ കറി
Mail This Article
ദിവസം മുഴുവൻ ഉൗർജത്തോടെയിരിക്കാൻ പ്രാതൽ നന്നാവണം. പെട്ടെന്നു വിശപ്പ് മാറാനും ലഞ്ച് ബോക്സിൽ സൗകര്യമായി കൊണ്ടു പോകാനും പലരും ചപ്പാത്തിയാകും രാവിലെ ഇഷ്ടപ്പെടുന്നത്. ചപ്പാത്തിക്കു കറിയുണ്ടെങ്കിലേ ശരിയാവൂ. എന്നും ഉരുളക്കിഴങ്ങ്, പരിപ്പ്, തക്കാളി കറികളായാൽ ആർക്കും മടുക്കും. പ്രാതൽ മെനുവിന് പുതുമ തേടുന്നുണ്ടെങ്കിൽ കോളിഫ്ലവർ കറി (Cauliflower Curry) പരീക്ഷിക്കാം
ചേരുവകൾ
കോളിഫ്ലവർ (ചെറുത്) – 1
സവാള (ചെറുതായി അരിഞ്ഞത്) – 2
തക്കാളി (കനം കുറച്ച് അരിഞ്ഞത്) – 2
പച്ചമുളക് (വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത്) – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഒായിൽ – 3 ടേബിൾ സ്ൂപൺ
കാപ്സിക്കം (ചെറുതായി അരിഞ്ഞത്) – അര കഷ്ണം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മുളക്പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ
കസൂരി മേത്തി – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് അതിലേക്ക് കോളിഫ്ലവർ മുക്കിവയ്ക്കുക. പത്തു മിനിറ്റു കഴിഞ്ഞ് വെള്ളം കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക.
ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ സൺഫ്ലവർ ഒായിൽ ഒഴിക്കുക. അതിലേക്ക് സവാള ഇട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക. അതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരം മസാല, കാപ്സിക്കം, തക്കാളി എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. ചേരുവകൾ നന്നായി വഴന്ന് വരുമ്പോൾ അതിലേക്ക് കോളിഫ്ലവറും ആവശ്യത്തിന് വെള്ളവും ചേർത്ത് പാൻ അടപ്പു കൊണ്ട് മൂടി ചെറുതീയിൽ പത്ത് മിനിറ്റ് വേവിക്കുക. വെന്തു വരുമ്പോൾ കസൂരി മേത്തിയും ടൊമാറ്റോ കെച്ചപ്പും ചേർത്തിളക്കിയ ശേഷം കസൂരി മേത്തിയും മല്ലിയിലയും ചേർക്കുക. നന്നായി ഇളക്കി തീ കെടുത്തി അടുപ്പിൽനിന്നു വാങ്ങുക. ചൂടൊടെ വിളമ്പാം.
വിഡിയോ കാണാം
Content Summary : Cauliflower Curry Recipe by V. N. Mamtha