നൂൽ പൊറോട്ട, നല്ല മയത്തിൽ വീട്ടിൽ ഉണ്ടാക്കാം
Mail This Article
പൊറോട്ട ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. തയാറാക്കാനുള്ള ബുദ്ധിമുട്ടു കാരണം മിക്ക ആളുകളും പൊറോട്ട പുറത്തുനിന്നു വാങ്ങുകയാണ് പതിവ്. മുട്ടയോ, ബേക്കിങ് സോഡയോ ഒന്നും ചേർക്കാതെ നല്ല മയമുള്ള നൂൽ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം.
ചേരുവകൾ
- മൈദ - മൂന്നര കപ്പ്
- പാൽ - ഒന്നര കപ്പ്
- പഞ്ചസാര - ഒരു ടീസ്പൂൺ
- ഉപ്പ് - ഒന്നര ടീസ്പൂൺ
- എണ്ണ - 2 ടേബിൾ സ്പൂൺ
- ഡാൽഡ / നെയ്യ് / ബട്ടർ - കാൽ കപ്പ്
തയാറാക്കുന്ന വിധം
പാൽ, പഞ്ചസാര, ഉപ്പ്, എണ്ണ ഇവ ഒരു വലിയ ബൗളിൽ ഇട്ടു നന്നായി യോജിപ്പിക്കുക.ഇതിലേക്കു മൂന്ന് കപ്പ് മൈദ ചേർത്ത് ഒരു തവി ഉപയോഗിച്ചു നന്നായി ഇളക്കിയെടുക്കുക. 10 മിനിറ്റു മാറ്റി വച്ചതിനു ശേഷം ഈ മാവിൽ നിന്നു മൂന്നിൽ ഒരു ഭാഗം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇടുക. ഒരു ടേബിൾ സ്പൂൺ മൈദ കൂടി ചേർത്തു കൊടുക്കുക. ജാറടച്ചു മിക്‌സിയുടെ പൾസ് ബട്ടൺ നിർത്തി നിർത്തി അമർത്തുക. എട്ടു മുതൽ 10 പ്രാവശ്യം വരെ ആവുമ്പോഴേക്കും പൊറോട്ട മാവ് നന്നായി കുഴഞ്ഞു കിട്ടും. കുറേശ്ശെ മൈദ ചേർത്തു കൈകൊണ്ടു കുഴച്ചെടുത്താലും മതി.
തയ്യാറാക്കിയ മാവ് അൽപം കൂടി എണ്ണ തടവിയതിനു ശേഷം അടച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. ഒരു മണിക്കൂറിനു ശേഷം 8 ഉരുളകളാക്കി മാറ്റാം.
ഒരു ചപ്പാത്തി പലകയിൽ നന്നായി എണ്ണ പുരട്ടുക. തയാറാക്കിയ ഉരുള പറ്റുന്ന അത്രയും വലിപ്പത്തിൽ ചപ്പാത്തിക്കു പരത്തുന്നതുപോലെ പരത്തുക. ഉരുക്കിയ നെയ്യ്, ബട്ടർ, ഡാൽഡ ഇവയിൽ ഏതെങ്കിലും ഒന്നു ചപ്പാത്തിക്കു മുകളിൽ നന്നായി തേച്ചുപിടിപ്പിക്കുക. അല്പം മൈദാപ്പൊടി ഇതിനു മുകളിലേക്കു വിതറുക. ഇനി ഒരു കത്തി ഉപയോഗിച്ചു നൂൽകനത്തിൽ നീളത്തിൽ മുറിക്കുക.
മുറിച്ച മാവ് ഒന്നിച്ചാക്കി വട്ടത്തിൽ ചുറ്റി എടുക്കുക. കയ്യിൽ ഒരല്പം എണ്ണമയം പുരട്ടിയതിനു ശേഷം പരത്തി എടുക്കുക. ചൂടായ ദോശക്കല്ലിൽ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം. അൽപം എണ്ണ കൂടി ഒഴിച്ചു കൊടുത്താൽ പൊറോട്ട നന്നായി മൊരിഞ്ഞു കിട്ടും.
Content Summary : It is easy to prepare restaurant-style layered porotta at home. Here is how to make it at home.