ഏറെനാൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന ചമ്മന്തിപ്പൊടി, കൂടുതൽ ആരോഗ്യകരമാക്കാം
Mail This Article
ഏറെനാൾ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ചമ്മന്തിപ്പൊടി. സാധാരണയായി തേങ്ങ മാത്രം ഉപയോഗിച്ചാണ് ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്. തേങ്ങയുടെ കൂടെ പരിപ്പുവർഗ്ഗങ്ങളും വെളുത്തുള്ളിയും കൂടി ചേർത്തു പൊടിച്ചെടുത്താൽ രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മുന്നിലാണ്. നല്ല കുത്തരി ചോറിൽ ഈ ചമ്മന്തിപ്പൊടിയും ചൂടു നെയ്യും ചേർത്തിളക്കി കഴിക്കാൻ നല്ല രുചിയാണ്.
ചേരുവകൾ
- തേങ്ങ ചിരകിയത് - 1
- ഉഴുന്നുപരിപ്പ് - അരക്കപ്പ്
- കടലപ്പരിപ്പ് - അരക്കപ്പ്
- വെളുത്തുള്ളി - ഒരു കുടം
- കറിവേപ്പില - രണ്ട് തണ്ട്
- ജീരകം - ഒരു ടീസ്പൂൺ
- വാളൻപുളി - ചെറുനാരങ്ങ വലിപ്പത്തിൽ
- മുളകുപൊടി - 2 ടേബിൾ സ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഉഴുന്നുപരിപ്പ് ഒരു അരിപ്പയിലേക്ക് ഇട്ട് കഴുകി വെള്ളം തോരാൻ വേണ്ടി മാറ്റിവയ്ക്കുക. കടലപ്പരിപ്പും ഇതേപോലെതന്നെ കഴുകി വയ്ക്കുക. അഞ്ചു മിനിറ്റു കൊണ്ടു തന്നെ വെള്ളം നന്നായി മാറികിട്ടും.
തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കി എടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ആദ്യം ഉഴുന്നു പരിപ്പ് ഇളം ബ്രൗൺ നിറമാകുന്നതു വരെ ചെറിയ തീയിൽ വറക്കുക. ഉഴുന്നുപരിപ്പ് മാറ്റിയതിനുശേഷം കടലപ്പരിപ്പും വെളുത്തുള്ളി വൃത്തിയാക്കിയതും കൂടി ഒന്നിച്ചു വറക്കുക. പരിപ്പ് ഇളം ബ്രൗൺ നിറമാകുമ്പോൾ അതും മാറ്റാം.
തേങ്ങ ചിരകിയത്, ജീരകം, കറിവേപ്പില, വാളൻ പുളി ഇവ ഒന്നിച്ചാക്കി ബ്രൗൺ നിറത്തിൽ വറക്കുക. തീ ഓഫ് ചെയ്തതിനു ശേഷം മുളകുപൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കുക. തേങ്ങയുടെ ചൂടിൽ പൊടികളുടെ പച്ചമണം മാറി കിട്ടും. വറുത്തെടുത്തത് എല്ലാം കൂടി ഒന്നിച്ചാക്കിയതിനുശേഷം ഉപ്പ് ചേർക്കുക. നന്നായി ചൂടാറി കഴിയുമ്പോൾ മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം. (മുളകുപൊടിയുടെയും ഉപ്പിന്റെയും അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ എടുക്കാവുന്നതാണ്).
വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിച്ചാൽ ഏറെ നാൾ കേടാവാതെ ഇരിക്കും.
Content Summary : Healthy chammanthipodi recipe by Ganga.