പഴുത്ത പപ്പായ കൊണ്ടൊരു കിടിലൻ മാർബിൾ കേക്ക്
Mail This Article
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴുത്ത പപ്പായ കൊണ്ടു ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്, പപ്പായ കേക്കുകളും അവയിൽ പെടും. എന്നാൽ പപ്പായ കൊണ്ട് ഒരു മാർബിൾ കേക്ക് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഒരു കിടിലൻ പപ്പായ മാർബിൾ കേക്ക് റെസിപ്പി.
ചേരുവകൾ:
- പഴുത്ത പപ്പായ കഷ്ണങ്ങൾ - 1 കപ്പ്
- വെള്ളം - ½ കപ്പ്
- കേക്ക് ഫ്ലോർ അല്ലെങ്കിൽ മൈദ - 225 ഗ്രാം
- ബേക്കിങ് പൗഡർ - 1 ½ ടീസ്പൂൺ
- ബേക്കിങ് സോഡ - 2 നുള്ള്
- ഉപ്പ് - ¼ ടീസ്പൂൺ
- ബട്ടർ - 60 ഗ്രാം
- പൊടിച്ച പഞ്ചസാര - ½ + 1 കപ്പ്
- മുട്ട - 3 എണ്ണം
- വനില എസൻസ് - 1 ടീസ്പൂൺ
- പാൽ - 6 + 1 ടേബിൾസ്പൂൺ
- വിനിഗർ - ¼ ടീസ്പൂൺ
- ഓറഞ്ച് ഫുഡ് കളർ (ആവശ്യമെങ്കിൽ) - 2-3 തുള്ളി
- കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പപ്പായ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചു മാറ്റി വയ്ക്കാം.
കേക്ക് ഫ്ലോർ അല്ലെങ്കിൽ മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ചു മാറ്റിവയ്ക്കാം.
മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ച ശേഷം മഞ്ഞയിലേക്കു വാനില എസൻസ് ചേർത്തു യോജിപ്പിച്ചു മാറ്റിവയ്ക്കണം.
മറ്റൊരു പാത്രത്തിൽ ബട്ടറും ½ കപ്പു പൊടിച്ച പഞ്ചസാരയും നന്നായി അടിച്ചു മയപ്പെടുത്തി എടുക്കാം. ഇതിലേക്കു മുട്ടയുടെ മഞ്ഞ ചേർത്തു യോജിപ്പിച്ചെടുക്കാം. ഇനി അരിച്ചുവച്ച പൊടികളും പാലും കുറേശ്ശെയായി ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കണം.
ഇനി ഇതു മാറ്റിവച്ച്, മുട്ടയുടെ വെള്ളയിലേക്കു വിനിഗർ ഒഴിച്ച ശേഷം ആദ്യം കുറഞ്ഞ സ്പീഡിൽ അടിച്ചു തുടങ്ങാം, പിന്നീട് 1 കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് ഇടത്തരം സ്പീഡിൽ മുട്ട നന്നായി പതയുന്നതുവരെ അടിച്ചെടുക്കാം. ഇത് ഇനി നേരത്തെ തയാറാക്കിവച്ച ബാറ്ററിലേക്കു കുറേശ്ശെയായി ചേർത്തു യോജിപ്പിച്ചെടുക്കണം.
ഇതിൽ നിന്നു 4 ടേബിൾസ്പൂൺ ബാറ്റർ മറ്റൊരു പാത്രത്തിലേക്കു മാറ്റിയശേഷം ബാക്കി ഉള്ളതിലേക്കു പപ്പായ അരച്ചതും അൽപം ഓറഞ്ച് ഫുഡ് കളറും ചേർത്തു യോജിപ്പിച്ച് എടുക്കാം. മാറ്റിവച്ച ബാറ്ററിലേക്ക് ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡറും ഒരു ടേബിൾസ്പൂൺ പാലും ചേർത്തു യോജിപ്പിച്ച് എടുക്കാം.
ബട്ടർ തടവി മയപ്പെടുത്തി ബട്ടർ പേപ്പർ ഇട്ടുവച്ച കേക്ക് ടിന്നിലേക്കു രണ്ട് ബാറ്ററും ഇടകലർത്തി ഒഴിച്ചു കൊടുക്കാം.
ഇനിയൊരു സ്ക്യുവർ ഉപയോഗിച്ച് ബാറ്ററിൽ വരഞ്ഞ് മാർബിൾ ഇഫക്ട് വരുത്തി എടുക്കാം. ടിൻ രണ്ടുമൂന്നു തവണ തട്ടി കൊടുത്ത ശേഷം 170 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 40 മിനിറ്റു നേരം ബേക്ക് ചെയ്ത് എടുക്കാം. ചൂടാറിയശേഷം മുറിച്ച് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• ചേരുവകൾ ശരിയായി അളന്നെടുക്കാൻ ശ്രദ്ധിക്കണം.
• ചേരുവകൾ എല്ലാം യോജിക്കുന്നതു വരെ മാത്രം കേക്ക് ബാറ്റർ മിക്സ് ചെയ്യുക.
• മാർബിൾ ഇഫക്റ്റ് ഉണ്ടാക്കുന്ന സമയം, സ്കീവർ പാനിന്റെ അടിയിൽ ചെറുതായി സ്പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മുകളിൽ മാത്രമല്ല, കേക്കിലുടനീളം സ്കീവർ എത്തിയെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
Content Summary : Papaya marble Ccake is an incredibly tasty, eye-catching, and moist cake.