ആരോഗ്യകരമായ പ്രാതലിനു തയാറാക്കാം മില്ലറ്റ് ഇഡ്ഡലി
Mail This Article
ആരോഗ്യമുള്ള ഹൃദയം നിലനിർത്തുന്നതിനും നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെയും മുടിയുടെയും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 12 ഫോക്‌സ്‌ടെയിൽ മില്ലറ്റിൽ ധാരാളമുണ്ട്. ഫോക്സ്ടെയിൽ മില്ലറ്റ് ഉൾപ്പെടുത്തിയ ഭക്ഷണക്രമം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ്-2 പ്രമേഹ രോഗികളിൽ ഇൻസുലിൻ, കൊളസ്ട്രോൾ, ഫാസ്റ്റിങ് ഗ്ലൂക്കോസ് എന്നിവ കുറയ്ക്കുകയും ചെയ്യും. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•തിന - 1 കപ്പ്
•ഉഴുന്ന് - 1/2 കപ്പ്
•തിന ചോറ് - അര കപ്പ്
•ഉപ്പ് - പാകത്തിന്
•ഉലുവ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•ഒരു കപ്പ് തിന കഴുകിയെടുക്കുക. തിനയുടെ പുറത്തെ ആവരണം പോഷകം നിറഞ്ഞതാണ്. അതുകൊണ്ട് കൂടുതല്‍ അമർത്തി കഴുകുന്നത് ഗുണമേന്മ കുറഞ്ഞുപോകുന്നതിനിടയാക്കും. ഒന്നോ രണ്ടോ പ്രാവശ്യം കഴുകിയെടുത്ത തിന 2 കപ്പ് വെള്ളത്തിൽ 6-8 മണിക്കൂർ കുതിർക്കണം ( കൂടുതൽ നേരം കുതിർക്കുന്നത് നാരിന്റെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തും)
•ഉഴുന്നു പരിപ്പ് കഴുകി വൃത്തിയാക്കി 1 ടീസ്പൂൺ ഉലുവ ചേർത്തു 6-8 മണിക്കൂർ കുതിർക്കണം. ഇഡ്ഡലിക്കു കൂടുതൽ മൃദുത്വം ലഭിക്കുന്നതിനു സാധാരണ ചേർക്കാറുള്ള ചോറിനു പകരം 2 ടേബിൾസ്പൂൺ തിന വേവിച്ചെടുത്തു ചേർക്കാം.
•ഉഴുന്നും ഉലുവയും തിനയും വേവിച്ച തിനയും ചേർത്തു നന്നായി അരച്ചെടുക്കുക. എന്നിട്ട് 6- 10 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക. പുളിപ്പിച്ച മാവിൽ പാകത്തിന് ഉപ്പു ചേർത്ത് ഇഡ്ഡലി തയാറാക്കാവുന്നതാണ്.
Content Summary : Foxtail millet idli weight loss breakfast recipe.