കുട്ടിപ്പട്ടാളത്തിന് വേനലവധിക്കു കറുമുറാ കഴിക്കാൻ ജാം കുക്കീസ്
Mail This Article
അധികം ചേരുവകളൊന്നുമില്ലാതെ വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ജാം കുക്കീസ് (Jam Cookies) അഥവാ തമ്പ് പ്രിന്റ് കുക്കീസ് തയാറാക്കിയാലോ?. വേനലവധിക്ക് കളികളുടെ ഇടവേളകളിൽ ചുമ്മാ കൊറിക്കാനൊരു ഹോം മെയിഡ് കുക്കീസ്. ചായക്കൊപ്പം കഴിക്കാൻ മാത്രമല്ല പിക്നിക്കിന് കുട്ടികൾക്ക് സ്നാക്സ് ആയും കൊടുത്തു വിടാം.
ചേരുവകൾ
ബട്ടർ - 160 ഗ്രാം
പൊടിച്ച പഞ്ചസാര – 50 ഗ്രാം
മുട്ടയുടെ മഞ്ഞ - 1
വനില എസൻസ് - 1/2 ടീസ്പൂൺ
ഉപ്പ് - 1/4 ടീസ്പൂൺ
മൈദ – 220 ഗ്രാം
ജാം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിച്ച് അതിലേക്ക് മുട്ടയുടെ മഞ്ഞ, എസൻസ്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് മൈദ ചേർത്ത് ഇളക്കിയശേഷം കൈകൊണ്ട് രണ്ടുമിനിറ്റ് കുഴച്ച് മാവാക്കി എടുക്കാം. ഇത് 20 മിനിറ്റ് ഫ്രിജിൽ വയ്ക്കാം. പിന്നെ മാവ് ചെറിയ ഉരുളകളാക്കി ഒരു ട്രേയിൽ നിരത്തിവയ്ക്കാം.
ഓരോ ഉരുളയിലും തള്ളവിരൽ കൊണ്ട് ഒരു ചെറിയ കുഴി ഉണ്ടാക്കി (ഇത് ഒരു സ്പൂൺ കൊണ്ടും ചെയ്യാം) അതിൽ ഇഷ്ടമുള്ള ജാം നിറയ്ക്കാം. അതിനുശേഷം 170 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ആയി കിടക്കുന്ന ഓവനിൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. ജാം കുക്കീസ് തയാറായിക്കഴിഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാവ് അമിതമായി കുഴയ്ക്കേണ്ടതില്ല.
ഇഷ്ടമുള്ള ഏതു ജാമും ഫില്ലിങ്ങിന് ഉപയോഗിക്കാം.
മാവ് നല്ല സോഫ്റ്റാണെങ്കിൽ തണുപ്പിക്കാനുള്ള സമയം വർധിപ്പിക്കുക, അല്ലാത്തപക്ഷം 20 മിനിറ്റ് മതി.
മാവ് ഫ്രിജിൽ വയ്ക്കുമ്പോൾ നന്നായി മൂടണം. അല്ലെങ്കിൽ ഡ്രൈ ആകും.
വിഡിയോ കാണാം
Content Summary : Easy & Classic Jam Cookie Recipe by Nimmy