സാമ്പാർ ഈ രീതിയിൽ തയാറാക്കി നോക്കൂ
Mail This Article
പരിപ്പു വേവിക്കാതെ സാമ്പാർ പൊടി ചേർക്കാതെ എളുപ്പത്തിൽ ഒരു സാമ്പാർ.
ചേരുവകൾ
- കുമ്പളങ്ങ -1 കപ്പ്
- വഴുതനങ്ങ -1/2 കപ്പ്
- മുരിങ്ങക്കായ -1/2കപ്പ്
- വെണ്ടയ്ക്ക -1/2 കപ്പ്
- തക്കാളി -1 എണ്ണം
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- പുളി - ഒരു ചെറു നാരങ്ങ വലുപ്പത്തിൽ
- എണ്ണ - 2 ടേബിൾ സ്പൂൺ
- കൊത്തമല്ലി - 1/2 ടേബിൾ സ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
- തുവര പരിപ്പ് - 1 ടേബിൾ സ്പൂൺ
- ചുവന്ന മുളക് - 5 എണ്ണം
- കായം - ചെറിയ ഒരു കഷ്ണം
- തേങ്ങ - 1/2 കപ്പ്
- കടുക് - 1/2 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാത്രത്തിൽ വെണ്ടയ്ക്കയും തക്കാളിയും ഒഴികെ പച്ചക്കറികൾ ഇട്ടു മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു വേവിക്കുവാൻ വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ കുറച്ചു എണ്ണയൊഴിച്ചു വെണ്ടയ്ക്ക വഴറ്റി എടുത്തു വയ്ക്കുക.
ഫ്രൈയിങ് പാനിൽ 1 ടീസ്പൂൺ എണ്ണയൊഴിച്ചു മുളകും മല്ലിയും ഉലുവയും തുവര പരിപ്പും കറിവേപ്പിലയും കായവും ചെറുതീയിൽ വറുത്തെടുക്കുക. തുവര പരിപ്പു വറുത്തതിന്റെ മണം വരുമ്പോൾ തേങ്ങ കൂടി ചേർത്തു 2 മിനിറ്റ് വഴറ്റുക. ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
പച്ചക്കറി വെന്തു വരുമ്പോൾ വെണ്ടയ്ക്ക വഴറ്റിയതും തക്കാളിയും ചേർക്കാം. പുളി പിഴിഞ്ഞ് ആ വെള്ളവും കൂടി ചേർത്തു 5 മിനിറ്റ് തിളപ്പിക്കുക. അരച്ചു വച്ച കൂട്ട് കൂടി ചേർത്തു നന്നായി തിളപ്പിക്കുക. കറിവേപ്പിലയും മല്ലിയിലയും ചേർത്തു തീ ഓഫ് ചെയ്യാം. കടുകും ഒരു ചുവന്ന മുളകും കറിവേപ്പിലയും കൂടി വറുത്തിട്ടാൽ സാമ്പാർ റെഡി.
Content Summary : Serve with rice or roti for a complete meal.