ഒരു വർഷം വരെ കേടാകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Mail This Article
മീന്‍കറി ആണെങ്കിലും ചിക്കനോ ബീഫോ ആയാലും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും കൂട്ടുകെട്ടില്ലാതെ പാചകം പറ്റില്ല. സവാളയിൽ ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയുമൊക്കെ വഴറ്റിയെടുക്കുമ്പോൾ എങ്ങും പരക്കും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും കൊതിപ്പിക്കുന്ന മണം. പെട്ടെന്ന് ഇഞ്ചിയും വെളുത്തുള്ളിയും വൃത്തിയാക്കി എടുക്കുക ഇത്തിരി മെനക്കെട്ട പണിയാണ്.
ഇഞ്ചിയും വെളുത്തുള്ളിയുടെയും പേസ്റ്റ് വിപണിയിൽ സുലഭമാണ്. എന്നാലും തനിനാടൻ കൂട്ടിന്റെ രുചി മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന ജിഞ്ചർ ഗാർലിക് പേസ്റ്റിനുണ്ടാകണമെന്നില്ല. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയാറാക്കാവുന്നതാണ്. ഒരു വർഷം വരെ കേടാകാതെ ഫ്രിജിൽ സൂക്ഷിക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയാറാക്കുന്നത് എങ്ങനെയന്ന് നോക്കാം.
∙ഇഞ്ചി - 200 ഗ്രാം
∙വെളുത്തുള്ളി - 300 ഗ്രാം
∙സൺഫ്ലവർ ഓയിൽ / ഒലിവ് ഓയിൽ - 1/2 കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ആദ്യം മിക്സിയൽ ഇഞ്ചി ഇട്ടു ചതച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി ചേർത്ത് ഒന്നുടെ ചതച്ചെടുക്കാം. ശേഷം ഓയിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇൗ മിശ്രിതം സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കാം. ഐസ് ട്രേയിൽ വച്ച് ഫ്രീസ് ചെയ്തോ അല്ലെങ്കിൽ കണ്ടെയ്നറിൽ നിറച്ച് ഫ്രിജിൽ സൂക്ഷിക്കുകയും ചെയ്യാം. ഫ്രീസ് ചെയ്തത് 6 മാസം മുതൽ ഒരു വർഷം വരെയും ഫ്രിജിൽ വയ്ക്കുന്നത് 1 മാസം വരെയും കേടാകാതെ ഇരിക്കും.
English Summary: Simple Ginger Garlic Paste Recipe