ഇതെന്താണെന്ന് കണ്ടുപിടിക്കാൻ പാടുപെടും; 3 ചേരുവ മതി ഇൗ രുചിക്കൂട്ടിന്
Mail This Article
ഏത്തപ്പഴം കഴിക്കാൻ കുട്ടികൾക്ക് വലിയ മടിയാണ്. പഴമായോ ചെറുതായി അരിഞ്ഞ് പഞ്ചസാര ചേർത്ത് വഴറ്റിയോ പഴംപൊരിയായി കൊടുത്താലും വേണ്ട എന്നെ കുട്ടികൾ പറയൂ. ഏറെ ഗുണമുള്ള ഏത്തപ്പഴം കഴിപ്പിക്കാൻ മെനക്കേടാണ്. ഇനി വിഷമിക്കേണ്ട വെറും 3 ചേരുവ കൊണ്ട് ഒരു അടിപൊളി സ്നാക്ക് റെഡിയാക്കാം. ഏത്തപ്പഴം ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും രുചിക്കൂട്ട്. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
•നേന്ത്രപ്പഴം - 2
•തേങ്ങ ചിരകിയത് - 2 കപ്പ്
•കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതിനു ശേഷം മിക്സിയുടെ ഒരു ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ തേങ്ങ ചിരകിയത് ഇട്ട് ചെറിയ തീയിൽ കളർ മാറാതെ വറുത്തെടുക്കുക. ഇതിൽ നിന്നും 1 കപ്പ് തേങ്ങ മാറ്റി വയ്ക്കുക. ബാക്കിയുള്ള തേങ്ങയിലേക്ക്, നേന്ത്രപ്പഴം അരച്ചതും കണ്ടെൻസ്ഡ് മിൽക്കും ചേർക്കുക.
ശേഷം കട്ടിയാകുന്നത് വരെ നന്നായി വഴറ്റുക. കുറുകി വന്നതിനു ശേഷം തീ ഓഫ് ചെയ്യാം. ചെറുതായി തണുക്കുമ്പോൾ ഇത് ചെറിയ ഉരുളകൾ ആക്കി ഉരുട്ടിയെടുത്തു നേരത്തെ മാറ്റി വെച്ച തേങ്ങയിൽ പൊതിഞ്ഞെടുക്കാം. സ്വാദിഷ്ടമായ വിഭവം റെഡി.
English Summary: variety easy banana snack