ബേക്കിങ് സോഡ വേണ്ട, അരച്ച ഉടനെ പഞ്ഞി പോലുള്ള ഉണ്ണിയപ്പം ചുടാൻ ഒരു ട്രിക്കുണ്ട്
Mail This Article
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. നാലുമണിക്ക് ചായയുടെ കൂടെ ചൂടു ഉണ്ണിയപ്പം കിട്ടിയാലോ? അടിപൊളി. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയൂറൂം വീട്ടിലുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്. അരച്ച ഉടനെ ബേക്കിങ് സോഡ ഇല്ലാതെ ഉണ്ണിയപ്പം ചുടാൻ ഒരു കിടിലൻ ട്രിക്കുണ്ട്. റവയും പാലും, നേന്ത്രപ്പഴവും ചേർത്ത് 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഉണ്ടാക്കാം.
ചേരുവകൾ
•റവ - 250 ഗ്രാം
•പാൽ - 250 മില്ലി ലിറ്റർ
•നേന്ത്രപ്പഴം - 1 എണ്ണം
•ഏലക്ക പൊടി - 1 ടീസ്പൂൺ
•ഉപ്പ് - ഒരു നുള്ള്
•ശർക്കര - 250 ഗ്രാം
•വെള്ളം - 1/4 കപ്പ്
•തേങ്ങാ കൊത്ത് - 1/2 കപ്പ്
•നെയ്യ് - 1 ടേബിൾസ്പൂൺ
•എള്ള് - 1 ടേബിൾസ്പൂൺ
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് 1/4 കപ്പ് വെള്ളം ഒഴിച്ച് ശർക്കര അലിയിച്ചെടുക്കുക. ഇത് അരിച്ചതിന് ശേഷം നന്നായി തണുക്കാൻ മാറ്റി വയ്ക്കാം. മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങാകൊത്തും, എള്ളും വറുത്തു കോരാം. റവയിൽ പാൽ ഒഴിച്ച് കുതിരാൻ വയ്ക്കുക.
മിക്സിയുടെ വലിയ ജാറിൽ കുതിർന്ന റവയും, തണുത്ത ശർക്കര പാനിയും, ഏത്തപ്പഴവും, ഉപ്പും, ഏലക്കാ പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ശേഷം തേങ്ങാകൊത്തും, എള്ളും നെയ്യിൽ വറുത്തതും കൂടെ ചേർത്തി നന്നായി ഇളക്കി യോജിപ്പിച്ചു, ചൂടായ എണ്ണയിൽ ഉണ്ണിയപ്പം ചുട്ടെടുക്കാം.
English Summary: Instant Unniyappam Recipe