പപ്പായ കൊണ്ട് ബർഫിയോ? വളരെ എളുപ്പത്തിൽ തയാറാക്കാം ഇൗ രുചിയൂറും വിഭവം
Mail This Article
ചോറിന് കറി മാത്രമല്ല പപ്പായ കൊണ്ട് മധുരമൂറുന്ന അടിപൊളി സ്നാക്കും തയാറാക്കാം. ടൂട്ടി ഫ്രൂട്ടിയല്ല. കുട്ടികളെയടക്കം രുചിലഹരിലാഴ്ത്തുന്ന തേനൂറും ബർഫി റെഡിയാക്കാം. പപ്പായ ബർഫിയോ എന്നും ഞെട്ടേണ്ട, ഇത് കഴിച്ചു നോക്കിയാൽ പപ്പായ കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരും പറയില്ല. ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും ആരോഗ്യദായകമായ പപ്പായ ബർഫി.
ചേരുവകൾ
∙മൂത്ത പപ്പായ - 1 എണ്ണം
∙തേങ്ങ ചിരകിയത് - 1 തേങ്ങയുടെ
∙പഞ്ചസാര - ഒരു കപ്പ്
∙ഏലക്കായ - 5 എണ്ണം
∙നെയ്യ് - 4 സ്പൂൺ
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ തേങ്ങ ചിരകിയത് ഇട്ട് ഒന്ന് ചൂടാക്കുക. അതൊരു പ്ലേറ്റിലേക്ക് മാറ്റിയശേഷം രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് പപ്പായ ചീകിയത്ചേർക്കുക. പപ്പായ സോഫ്റ്റ് ആകുന്നതുവരെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. സോഫ്റ്റ് ആയതിനു ശഷം പഞ്ചസാര ചേർക്കുക. പഞ്ചസാര ഉരുകി കഴിഞ്ഞാൽ ചൂടാക്കി വച്ച തേങ്ങ ചേർക്കാം.
ഇനി വെള്ളം വറ്റിക്കഴിഞ്ഞാൽ ഏലക്കായ പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉടനെ തന്നെ നെയ്യ് തടവിയ ഒരു പ്ലേറ്റിൽ തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം നന്നായി തവികൊണ്ട് അമർത്തിക്കൊടുക്കുക. ഒരു മണിക്കൂറിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ പുതുമയേറിയ പപ്പായ ബര്‍ഫി തയാർ.
English Summary: Papaya Burfi Recipe